21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ക്രൈസ്‌തവവേട്ട : പ്രതിരോധം തീർത്ത്‌ കേരളം ; യുപിയിൽ 2022 നവംബർവരെ 149 ആക്രമണം, ഛത്തീസ്‌ഗഢിൽ 115 , ഏറ്റവും കുറവ്‌ കേരളത്തില്‍
Kerala

ക്രൈസ്‌തവവേട്ട : പ്രതിരോധം തീർത്ത്‌ കേരളം ; യുപിയിൽ 2022 നവംബർവരെ 149 ആക്രമണം, ഛത്തീസ്‌ഗഢിൽ 115 , ഏറ്റവും കുറവ്‌ കേരളത്തില്‍

രാജ്യവ്യാപകമായി ക്രൈസ്‌തവർക്കുനേരെ സംഘപരിവാർ ആക്രമണം രൂക്ഷമാകുമ്പോൾ സുരക്ഷയുടെ തുരുത്തായി ഇടതുപക്ഷം ഭരിക്കുന്ന കേരളം. മൂന്നാംവർഷമായി കേരളത്തിൽ ക്രൈസ്‌തവർക്ക്‌ നേരെ വലിയ ആക്രമണങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടില്ലെന്ന് യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം ചൂണ്ടിക്കാട്ടി. 2018ൽ ഒന്നും 2019ൽ രണ്ടും സംഭവമുണ്ടായി. പിന്നീടുള്ള മൂന്നുവർഷവും സംസ്ഥാനത്ത്‌ ഒറ്റ കേസും റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. ഈവർഷം നവംബർ 21 വരെയുള്ള കണക്കാണ്‌ റിപ്പോർട്ടിലുള്ളത്‌.

ബിജെപി ഭരിക്കുന്ന യുപിയിലും കോൺഗ്രസ്‌ ഭരണമുള്ള ഛത്തീസ്‌ഗഢിലുമാണ്‌ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ. യുപിയിൽ 2018ൽ 104 ആക്രമണം എന്നത് 2022ൽ 149 ആയി. ഛത്തീസ്‌ഗഢിൽ 2018ൽ കോൺഗ്രസ്‌ അധികാരത്തിലെത്തിയപ്പോൾ 25 ആക്രമണം റിപ്പോർട്ടുചെയ്‌തത്‌ നാലുവർഷംകൊണ്ട്‌ 115ലേക്കെത്തി. 2018ൽ 21 ആക്രമണം റിപ്പോർട്ട്‌ ചെയ്യപ്പെട്ട ജാർഖണ്ഡിൽ ഈവർഷം 48 ആയി. കർണാടകത്തിലും തമിഴ്‌നാട്ടിലും ഈവർഷംമാത്രം 30 ആക്രമണമുണ്ടായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്‌തുമതം പിന്തുടരുന്നത്‌ ദുഷ്‌കരമായെന്നും റിപ്പോര്‍ട്ടിലുണ്ട്.

എട്ടുവർഷത്തിൽ പതിന്മടങ്ങ്‌ വർധന
ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ 2014ല്‍ രാജ്യത്ത് ക്രൈസ്‌തവർക്ക്‌ നേരെ 148 അക്രമസം​ഭവങ്ങള്‍ ഉണ്ടായപ്പോള്‍ 2022ൽ അത് 505 ആയി.

മൈസൂരുവിൽ പള്ളി ആക്രമിച്ചു; ക്രിസ്‌തുപ്രതിമ തകർത്തു
ക്രിസ്‌മസ്‌ ആഘോഷത്തിനു പിന്നാലെ മൈസൂരുവിൽ ക്രിസ്‌ത്യൻ പള്ളിക്കുനേരെ ആക്രമണം. ക്രിസ്‌തുവിന്റെ പ്രതിമ തകർത്തു. ചൊവ്വ രാത്രി പെരിയപട്ടണത്തെ സെന്റ്‌ മേരീസ്‌ പള്ളിയാണ്‌ ആക്രമിക്കപ്പെട്ടത്‌. പൊലീസ്‌ കേസെടുത്തു. ക്രിസ്‌മസിനോടനുബന്ധിച്ച്‌ രാജ്യത്തുടനീളം പള്ളികൾക്കും വിശ്വാസികൾക്കുംനേരെ ആക്രമണം തുടരുന്നതിനിടെയാണ്‌ ബിജെപി ഭരിക്കുന്ന കർണാടകയിലും സംഭവം റിപ്പോർട്ട്‌ ചെയ്‌തത്‌.

ബിഷപ്പിനെ ചോദ്യം ചെയ്യാൻ യുപി സർക്കാർ
കുപ്രസിദ്ധ മതപരിവർത്തന നിരോധന നിയമം മറയാക്കി യുപിയിൽ ക്രൈസ്‌തവ പുരോഹിതരെയടക്കം ആദിത്യനാഥ്‌ സർക്കാർ വേട്ടയാടുന്നു. ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്‌ പോൾ, സഭയുടെ കാർഷിക സർവകലാശാലാ ചാൻസലർ ഡോ. ജെട്ടി എ ഒലിവർ, വൈസ്‌ ചാൻസലർ പ്രൊഫ. രാജേന്ദ്ര ബി ലാൽ, ഡയറക്‌ടർ വിനോദ് ബി ലാൽ എന്നിവർ വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ പൊലീസ്‌ നോട്ടീസ്‌ നൽകി.

ഏപ്രിലിൽ ഫത്തേപ്പുർ ജില്ലയിലെ ഹരിഹർഗഞ്ചിലെ പള്ളിയിൽ മതപരിവർത്തനം നടന്നെന്ന്‌ ആരോപിച്ചാണ്‌ നടപടി. വിഎച്ച്‌പി, ബജ്‌റംഗദൾ പ്രവർത്തകരാണ്‌ പരാതി നൽകിയത്‌. കോട്‌വാലി പൊലീസ്‌ മതപരിവർത്തന നിരോധ നിയമം ചുമത്തി എടുത്ത കേസിൽ സഭാവികാരിയടക്കം 15 പേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ബിഷപ്പാണ്‌ ധനസഹായം നൽകിയതെന്ന സംഘപരിവാർ ആരോപണം ഏറ്റുപിടിച്ചാണ്‌ പുതിയ നടപടി. കേസിൽ 54 പ്രതികളുണ്ട്‌. ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും 22 പേർ ആശുപത്രി ജീവനക്കാരുമാണ്‌.

Related posts

വൈദ്യുതി ലൈന്‍ ഫാള്‍ട്ട് അതിവേഗം കണ്ടെത്താന്‍ കമ്യൂണിക്കേറ്റിവ് ഫാള്‍ട്ട് പാസ്സ് ഡിറ്റക്ടറ്റർ

കോവിഡ് ജാഗ്രതയില്‍ കരുതലോടെ ആഘോഷങ്ങളില്‍ പങ്കുചേരാം; മുഖ്യമന്ത്രിയുടെ പുതുവത്സരാശംസ

Aswathi Kottiyoor

കുട്ടികളുടെ വാക്‌സിനേഷന്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox