റേഷൻ കടകളിലെ ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്നു സംസ്ഥാനത്ത് ഇന്നലെ പലയിടത്തും പല തവണ റേഷൻ വിതരണം മുടങ്ങി. മാസാവസാന ആഴ്ച ആയതിനാൽ റേഷൻ കടകളിൽ തിരക്കായിരുന്നു.
കാർഡ് ഉടമയെ തിരിച്ചറിയാൻ കടകളിലെ ഇ പോസ് യന്ത്രത്തിൽ വിരൽ പതിപ്പിക്കുമ്പോൾ ബയോ മെട്രിക് വിവരശേഖരണം നടക്കാതെ വന്നതായിരുന്നു പ്രധാന പ്രശ്നം. ഇതോടെ കാർഡ് ഉടമയുടെ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ചുള്ള പകരം സംവിധാനത്തെ പലയിടത്തും ആശ്രയിക്കേണ്ടി വന്നത് വിതരണ നടപടികൾ വൈകിച്ചു. ഇ പോസ് തകരാർ തുടർക്കഥയായതോടെ റേഷൻ കടകളുടെ പ്രവർത്തനം ഏഴു ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചിട്ട് ഒരു മാസത്തിലേറെയായി.