31.2 C
Iritty, IN
May 18, 2024
  • Home
  • Kerala
  • കരാർ നിയമനം വേഗത്തിലാക്കാൻ ക്ലസ്റ്ററുകൾ രൂപീകരിച്ച്‌ എസ്‌ബിഐ
Kerala

കരാർ നിയമനം വേഗത്തിലാക്കാൻ ക്ലസ്റ്ററുകൾ രൂപീകരിച്ച്‌ എസ്‌ബിഐ

ജീവനക്കാരുടെയും ബ്രാഞ്ചുകളുടെയും എണ്ണം കുറയ്‌ക്കാൻ അടുത്ത നടപടിയുമായി എസ്‌ബിഐ. മൂന്നു ജീവനക്കാർ അടങ്ങുന്ന ക്ലസ്‌റ്ററുകൾ (മൾട്ടി പർപ്പസ്‌ ടാസ്‌ക് ഫോഴ്‌സ്‌–എംപിഎസ്എഫ്-) രൂപീകരിച്ചാണ്‌ ബ്രാഞ്ചുകളിൽനിന്ന്‌ ജീവനക്കാരെ പിൻവലിച്ച്‌ ബ്രാഞ്ചുകളുടെയും ജീവനക്കാരുടെയും എണ്ണം കുറയ്‌ക്കുന്നത്‌. ‘എസ്‌ബോസ്‌’ സംവിധാനം വഴി ജീവനക്കാരെ നിയമിച്ച്‌ കരാർവൽക്കരണം വേഗത്തിലാക്കാനും ഇത്‌ വഴിവയ്‌ക്കുമെന്ന്‌ ജീവനക്കാർ ആശങ്കപ്പെടുന്നു.

എംപിഎസ്എഫ്- രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ചർച്ചകളിൽ എസ്‌ബിഐ മാനേജ്‌മെന്റ്‌ വിവരിച്ചിരുന്നു. ഇതേത്തുടർന്നാണ്‌ ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയത്‌. എല്ലാ ഉൽപ്പന്നങ്ങളുടെയും കേന്ദ്രീകൃത വിപണനമാണ്‌ എംപിഎസ്എഫിന്റെ ലക്ഷ്യം. ഇടപാട് അധിഷ്‌ഠിത പ്രവർത്തനത്തിൽനിന്ന് വിപണന അധിഷ്‌ഠിത പ്രവർത്തനത്തിലേക്ക് ജീവനക്കാരെ മാറ്റിനിയമിക്കുന്നതും അതുവഴി വിപണിയിൽ കൂടുതൽ ഇടപെടൽ നടത്തുന്നതും ലക്ഷ്യങ്ങളിൽപ്പെടുന്നു.

ഓരോ ക്ലസ്റ്ററിനും കുറഞ്ഞത് മൂന്നു ജീവനക്കാർ ഉണ്ടായിരിക്കും. ഒരു ജൂനിയർ അസോസിയറ്റും ഒരു സീനിയർ അസോസിയറ്റും ടീം ലീഡറായി ഒരു സ്കെയിൽ -I/ II ഓഫീസറും ഉണ്ടാകും. ടീം ലീഡർമാർക്ക് നിലവിലുള്ളതിനുപുറമെ എംപിഎസ്എഫിന്റെ അധികചുമതലകളും ഉണ്ടായിരിക്കും. ക്ലറിക്കൽ സ്റ്റാഫ് ടീം ഹെഡിനും ടീം ഹെഡ് ക്രെഡിറ്റ് ആൻഡ്‌ എൻപിഎക്കും റിപ്പോർട്ട് ചെയ്യണം. മറ്റെല്ലാ ആവശ്യങ്ങൾക്കും ബ്രാഞ്ച് മേധാവികൾക്ക് റിപ്പോർട്ട് ചെയ്യുന്നത് തുടരും. ടീം തലവനെ നിയമിച്ച ശാഖയായിരിക്കും ഹബ് ബ്രാഞ്ച്.

2020 നവംബർ 11ന്‌ എസ്‌ബിഐ സ്‌റ്റാഫ്‌ ഫെഡറേഷനുമായി മാനേജ്‌മെന്റ്‌ ഒപ്പുവച്ച കരാർപ്രകാരമാണ്‌ ജീവനക്കാർക്ക്‌ അധിക ജോലിബാധ്യത വരുന്നത്‌. ശാഖകളുടെ എണ്ണം ഇനിയും വെട്ടിക്കുറയ്‌ക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. ബ്രാഞ്ചുകളിൽനിന്ന്‌ ക്ലസ്റ്ററുകളിലേക്ക്‌ മാറ്റുന്ന ജീവനക്കാർക്ക്‌ പകരം ‘എസ്‌ബോസ്‌’ (സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻ സപ്പോർട്ട് സർവീസ്‌) സംവിധാനം വഴി നിയമിക്കുന്ന താൽക്കാലിക ജീവനക്കാരെ ഉപയോഗിക്കും. ഇപ്പോൾത്തന്നെ ജീവനക്കാരുടെ കുറവുമൂലം ബുദ്ധിമുട്ടുന്ന ബ്രാഞ്ചുകൾ ഇതോടെ കൂടുതൽ സമ്മർദത്തിലാകുമെന്ന്‌ ബെഫി അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി എസ്‌ എസ്‌ അനിൽ പറഞ്ഞു.

ഭിന്നശേഷിക്കാരും ഗർഭിണികളും അടക്കം ക്ലസ്‌റ്ററുകളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകും. ശാഖകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്നതിനാൽ ഇടപാടുകാർക്കും ഇത്‌ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

Related posts

കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​ക.

Aswathi Kottiyoor

ജ​ലവൈ​ദ്യു​തി ഉ​ത്പാ​ദ​നം കൂ​ട്ട​ണ​മെ​ന്ന് കേന്ദ്രം; പ്ര​തി​സ​ന്ധി തു​ട​രും

Aswathi Kottiyoor

ലഹരി ഉപയോഗിച്ച് ബസ് ഓടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox