തിരക്കുനിയന്ത്രണം ഫലപ്രദമായതോടെ ശബരിമലയിലെത്തിയ തീർഥാടകർക്ക് തിങ്കളാഴ്ച സുഗമദർശനം. വീണ്ടും ലക്ഷം തീർഥാടകർ മലചവിട്ടി എത്തിയെങ്കിലും നീണ്ട കാത്തിരിപ്പുകൂടാതെ ദർശനം നടത്താനായി. ഒന്നേകാൽ ലക്ഷത്തോളം പേരാണ് തിങ്കളാഴ്ച ദർശനത്തിനെത്തിയത്.
ഞായർ രാത്രിയോടെ പൂർണമായും ഒഴിഞ്ഞ വരികൾ, തിങ്കൾ പുലർച്ചയോടെ തീർഥാടകരാൽ നിറഞ്ഞു. എന്നാൽ പടികയറ്റവും ദർശനവും വേഗത്തിലായതോടെ നടപ്പന്തലിലെ നീണ്ട കാത്തിരിപ്പ് കുറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കുമായി ഏർപ്പെടുത്തിയ പ്രത്യേക വരി ആശ്വാസമായി. വലിയ നടപ്പന്തലിലെ വലതുവശത്തെ ആദ്യവരിയാണ് ഇവർക്കായി ഒരുക്കിയത്. മരക്കൂട്ടത്തുനിന്നുള്ള ഇരുപാതകളും തീർഥാടകർക്ക് ഉപയോഗിക്കാം. തിരക്ക് നിയന്ത്രണാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ മാത്രമായിരിക്കും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുക. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ തൊണ്ണൂറായിരത്തിനു താഴെയാണ് ബുക്കിങ്. ഈ സാഹചര്യത്തിൽ നിലവിലെ സ്ഥിതി തുടരാനാണ് പൊലീസും ദേവസ്വം ബോർഡും തീരുമാനിച്ചിട്ടുള്ളത്. ചൊവ്വാഴ്ച 89,961 പേർ വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുണ്ട്.
ബസ് യാത്രയും സുഗമം
തീർഥാടകർക്ക് പമ്പയിൽനിന്നുള്ള മടക്കയാത്രക്കായി കെഎസ്ആർടിസി ബസുകളിൽ കയറാനുള്ള ബുദ്ധിമുട്ടിനും പരിഹാരമായി. ത്രിവേണിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി. തീർഥാടകർ കൂട്ടമായി ബസിൽ കയറാനുള്ള ശ്രമത്തിനിടെയാണ് തിക്കുംതിരക്കും അനുഭവപ്പെടുന്നത്. ഇത് ഒഴിവാക്കാൻ നിശ്ചിത എണ്ണം ബസുകൾ മുൻകൂട്ടി ഇവിടെ പാർക്ക് ചെയ്യും. ബസുകൾ തീർഥാടകർക്കായി കാത്തുനിൽക്കും. ടിക്കറ്റ് പരിശോധനയ്ക്ക് കൂടുതൽ സൗകര്യമൊരുക്കി.