ഭൂമിയുടെ പട്ടയവിതരണത്തിനു വിലങ്ങുതടിയാകുന്ന ചുവപ്പുനാടയിലെ കുരുക്കഴിക്കാൻ തഹസിൽദാർമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ മേഖലാ യോഗങ്ങൾ വിളിച്ച് റവന്യു മന്ത്രി.
നിസാര കാരണങ്ങളുടെ പേരിൽ വർഷങ്ങളായി തടഞ്ഞുവച്ചിരിക്കുന്ന പട്ടയവിതരണത്തിനുള്ള സാങ്കേതിക തടസങ്ങൾ നീക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണു മൂന്നു മേഖലകളിലായി യോഗം വിളിക്കാൻ തീരുമാനിച്ചത്.
പരിഹരിക്കാവുന്ന തരത്തിലുള്ള കുരുക്കുകൾക്ക് യോഗത്തിൽ തന്നെ പരിഹാരം നിർദേശിക്കും. കൂടുതൽ സങ്കീർണതകളുള്ള ഫയലുകൾ ജില്ലാ കളക്ടർ തലത്തിലോ റവന്യു കമ്മീഷണറേറ്റ് തലത്തിലോ അയയ്ക്കാൻ നിർദേശിക്കും.
സർക്കാരിന്റെ അനുമതി ആവശ്യമായ ഫയലുകൾ സെക്രട്ടേറിയറ്റിൽ എത്തിച്ചു പരിഹരിച്ചു പട്ടയവിതരണം വേഗത്തിലാക്കാനുള്ള നടപടികൾ നിർദേശിക്കുകയാണു സർക്കാർ ലക്ഷ്യം. ഇതിനായി പ്രത്യേക ഓണ്ലൈൻ സംവിധാനം ഒരുക്കി. ഓരോ ഫയലും ഏത് ഓഫീസിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് അറിയാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയത്.
20-നാണ് തെക്കൻ മേഖലയിലെ ആദ്യ യോഗം തിരുവനന്തപുരത്തു ചേരുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗസ്ഥരാകും പങ്കെടുക്കുക. ജില്ലാ കളക്ടർമാർ, സബ് കളക്ടർമാർ, എഡിഎം, ആർഡിഒ, ഡെപ്യൂട്ടി കളക്ടർമാർ, സർവേ സൂപ്രണ്ടുമാർ, താലൂക്ക് ചുമതലയുള്ള തഹസിൽദാർമാർ, ഭൂരേഖാ തഹസിൽദാർമാർ, റവന്യു റിക്കവറി തഹസിൽദാർമാർ, പട്ടയം കൈകാര്യം ചെയ്യുന്ന തഹസിൽദാർമാർ, ഹെഡ് സർവേയർമാർ തുടങ്ങിയവർ പങ്കെടുക്കണമെന്നാണു നിർദേശം.
മധ്യമേഖലാ യോഗം 22ന് എറണാകുളത്താണു വിളിച്ചുചേർക്കുക. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഉദ്യോഗസ്ഥരാകും യോഗത്തിനെത്തുക. മലബാർ മേഖലയിലെ യോഗം 23നു കോഴിക്കോട്ട് ചേരും.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. മൂന്നു യോഗങ്ങളിലും റവന്യു മന്ത്രി കെ. രാജൻ നേരിട്ടു പങ്കെടുക്കും. റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി, ലാൻഡ് റവന്യു കമ്മീഷണർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട കേസുകളുടെ പുരോഗതിയും യോഗം വിലയിരുത്തും.
പുറന്പോക്കു ഭൂമിയുടെ പട്ടയത്തിനും പ്രഥമ പരിഗണന
പുറന്പോക്കുകളിലെ ഭൂമിയുടെ പട്ടയവിതരണമാണ് ഇപ്പോൾ റവന്യു വകുപ്പു നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിൽ മാറ്റം വരുത്തുന്നതിനുള്ള ചർച്ചകളാകും പ്രധാനമായും ഉരുത്തിരിയുക. മലയോര-ആദിവാസി മേഖലയിലെ ഭൂമിക്കുള്ള പട്ടയവിതരണം ഊർജിതമാക്കുകയാണു ഇപ്പോഴത്തെ ലക്ഷ്യം. എൽഡിഎഫ് സർക്കാരിന്റെ ആദ്യവർഷം 54,535 പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു. രണ്ടാം വർഷം ഒരു ലക്ഷം പട്ടയവിതരണമാണു ലക്ഷ്യം.