ബിസിനസ് കറസ്‌പോണ്ടന്റുമാരെ ഉപയോഗിച്ച് സേവനങ്ങൾ വിപുലമാക്കിയതോടെ പൊതുമേഖലാ ബാങ്കുകളിൽ തട്ടിപ്പുകളുടെ എണ്ണത്തിലും വ്യാപകവർധന. 2017നുമുമ്പ് ബാങ്കുകളിലെ രണ്ടുശതമാനം ഇടപാടുകളിൽമാത്രമാണ് തട്ടിപ്പുകൾ നടന്നിരുന്നത്. നിലവിൽ തട്ടിപ്പുകൾ 22 ശതമാനമായി ഉയർന്നു.
പൊതുമേഖലാ ബാങ്കുകളിൽ ജീവനക്കാരെ കുറയ്‌ക്കുകയും ഗ്രാമീണ ശാഖകൾ പിൻവലിക്കുകയും ചെയ്‌തതോടെയാണ് ബാങ്കുകൾ ബിസിനസ് കറസ്‌പോണ്ടന്റുമാരുടെ സേവനം ഉപയോഗിച്ചുതുടങ്ങിയത്. പുറത്തുവന്ന തട്ടിപ്പുകളിലേറെയും വ്യാജമോ അസാധുവാക്കിയതോ ആയ കറൻസി നോട്ടുകളുമായി ബന്ധപ്പെട്ടുള്ളതാണ്. 14 ശതമാനം തട്ടിപ്പുകളാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയത്. പേമെന്റ് ഗേറ്റ്‌വേ ഇടപാടുമായി ബന്ധപ്പെട്ടുള്ള ബഹുഭൂരിപക്ഷം തട്ടിപ്പുകളിലും പ്രതിസ്ഥാനത്ത് ബിസിനസ് കറസ്‌പോണ്ടന്റുമാരാണെന്നാണ് കണക്കുകൾ നൽകുന്ന സൂചന. എന്നാൽ, ഗ്രാമീണമേഖലയിലെ പല ഉപഭോക്താക്കളും ഇതിനെതിരെ പരാതി നൽകിയിട്ടില്ല. അതിനാൽ തട്ടിപ്പിന്റെ ബാഹുല്യം കൂടുതലാകാമെന്നും ബെഫി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എസ് എസ് അനിൽ പറഞ്ഞു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2006-ലാണ് ബിസിനസ് കറസ്‌പോണ്ടന്റ് മാതൃകയിൽ ഏജന്റുമാരെ ഉപയോഗിച്ച് ബിസിനസ് വിപുലപ്പെടുത്താൻ ബാങ്കുകളെ അനുവദിച്ചത്. ഗ്രാമീണശാഖകൾ കുറച്ച് ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താനാണ് ഈ തീരുമാനം എടുത്തത്. എസ്‌ബിഐയിൽമാത്രം അമ്പതിനായിരത്തിലേറെ ജീവനക്കാരെ കുറച്ചു. ബിസിനസ് കറസ്‌പോണ്ടന്റുമാരെ നിയമിക്കാൻ കമ്പനികൾ ഉൾപ്പെടുന്ന യോഗ്യതയുള്ള സ്ഥാപനങ്ങളുടെ പട്ടിക 2010-ൽ ആർബിഐ വിപുലീകരിച്ചു. 2015-ൽ പേമെന്റ് ബാങ്കുകളും സ്‌മോൾ ഫിനാൻസ് ബാങ്കുകളുംപോലുള്ള പുതിയ ബാങ്കിങ് മാതൃകകൾക്ക് ആർബിഐ തത്വത്തിൽ ലൈസൻസ് നൽകി. അതിന്റെ ഫലമായി പുതിയ കമ്പനികൾ ബാങ്കിങ് മേഖലയിൽ പ്രവേശിച്ച് ബിസിനസ് കറസ്‌പോണ്ടന്റ് നെറ്റ്‌വർക് വിപുലീകരിച്ചു. തട്ടിപ്പ് വ്യാപകമാകുകയും ഇടപാടുകളുടെ രഹസ്യസ്വഭാവം നഷ്ടമാകുകയും ചെയ്‌തതോടെ ഒരുലക്ഷത്തിലേറെ കറസ്‌പോണ്ടന്റുമാരും ഫെസിലിറ്റേറ്റർമാരുമാണ് കരിമ്പട്ടികയിലായത്.