കെഎസ്ആർടിസി ജീവനക്കാർക്കു സമയബന്ധിതമായി ശന്പളം നൽകാനുള്ള നിർദേശം നൽകുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. നിലവിൽ ശന്പള കുടിശികയൊന്നുമില്ല. മുഴുവൻ ജീവനക്കാർക്കും നവംബറിലെ ശന്പളം നൽകി. സർക്കാർ നൽകുന്ന 50 കോടി ലഭിക്കാൻ വൈകുന്നത് സ്വാഭാവികമായ കാലതാമസം മാത്രമാണ്. വരുന്ന മാസങ്ങളിൽ 50 കോടി സർക്കാരിൽനിന്നു ലഭ്യമാക്കുന്ന നടപടികൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കുമെന്നും എം. വിൻസെന്റിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.
സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാനുള്ള ഊർജിത നടപടികൾ നടന്നുവരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളുടെ എണ്ണം 95ൽ നിന്ന് 15 ആക്കി. വർക്ഷോപ്പുകളുടെ എണ്ണം 98ൽ നിന്ന് 22 ആയി കുറച്ചു. 5000ത്തിലേറെ ബസുകൾ ഉണ്ടെങ്കിലും നാലായിരത്തോളം ബസുകൾ ഓടിക്കാനേ കഴിയുന്നുള്ളൂ. നിയമപ്രകാരമുള്ള പുതിയ ഡ്യൂട്ടി പാറ്റേണ്‍ പാറശാല ഡിപ്പോയിൽ നടപ്പാക്കി. ഇതിനെ പരാജയപ്പെടുത്താൻ ശ്രമമുണ്ടായി. ഡ്യൂട്ടി പാറ്റേണ്‍ സംസ്ഥാനത്ത് നടപ്പാക്കാനായാൽ 800 ബസുകൾ കൂടുതലായി ഓടിക്കാനാകും. ഷെഡ്യൂളുകൾ കൂട്ടാനും വരുമാനം വർധിപ്പിക്കാനുമാകും.
കൂടുതൽ ബസുകൾ വാങ്ങാൻ 814 കോടി രൂപ കുറഞ്ഞ പലിശ നിരക്കിൽ കിഫ്ബി വകയിരുത്തി. അടുത്ത ഒരു വർഷത്തിനുള്ളിൽ 1,783 പുതിയ ബസുകൾ വാങ്ങും. സ്വകാര്യബസുകൾ ദീർഘദൂര സർവീസ് നടത്തുന്ന റൂട്ടുകളിൽ ശബരിമല സീസണ് കഴിയുന്പോൾ കെഎസ്ആർടിസി ബസുകൾ ഉപയോഗിച്ച് സർവീസ് നടത്താനാകുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.