ക്രിസ്ത്യൻ ദന്പതികൾക്ക് ബാധകമായ വിവാഹമോചന നിയമത്തിൽ ഉഭയസമ്മതപ്രകാരം ഹർജി നൽകാൻ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് വിലയിരുത്തി ഹൈക്കോടതി റദ്ദാക്കി.
ഈ വ്യവസ്ഥ പാലിച്ചില്ലെന്നാരോപിച്ച് വിവാഹമോചന ഹർജി എറണാകുളം കുടുംബക്കോടതി തള്ളിയതിനെതിരേ ദന്പതിമാർ നൽകിയ ഹർജി അനുവദിച്ച് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. ഇവരുടെ വിവാഹമോചന ഹർജി രണ്ടാഴ്ചയ്ക്കകം പരിഗണിച്ചു തീരുമാനമെടുക്കാൻ കുടുംബക്കോടതിക്കു ഡിവിഷൻ ബെഞ്ച് നിർദേശവും നൽകിയിട്ടുണ്ട്.
വിവാഹമോചന നിയമങ്ങളിൽ ഏകീകൃത സ്വഭാവം അനിവാര്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത ചട്ടം കൊണ്ടുവരുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കണം.
ഇക്കാര്യത്തിൽ മതങ്ങൾക്ക് ഒരു പങ്കുമില്ല. വിവാഹമോചന നിയമം തർക്കങ്ങൾക്കല്ല കക്ഷികളുടെ ക്ഷേമത്തിനാണ് മുൻതൂക്കം നൽകേണ്ടത്. മതനിരപേക്ഷ സമൂഹത്തിൽ മതാധിഷ്ഠിത സമീപനത്തിലുപരി പൊതുനൻമയാണ് ലക്ഷ്യമിടേണ്ടതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.