കിറ്റ്‌സിനെ അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം പരിശീലന ഗവേഷണ കേന്ദ്രമാക്കി ഉയർത്തുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) സംഘടിപ്പിച്ച ‘മികവ് 2022’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ അക്കാദമിക്ക് കോഴ്‌സുകളും പരിശീലനവും നടത്തി വരുന്ന കിറ്റ്‌സ് ടൂറിസം വ്യവസായത്തിന് ആവശ്യമായ നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള സർവകലാശാലയുടെ ബിരുദ ബുരദാനന്തര കോഴ്‌സുകളിൽ റാങ്കുകൾ കരസ്ഥമാക്കിയ കിറ്റ്‌സിലെ പൂർവവിദ്യാർത്ഥികളെയും നാഷണൽ എലിജിബിലിറ്റി ടെസ്റ്റും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പും നേടിയവരുടെയും കാമ്പസ് പ്ലെയിസ്‌മെന്റിലൂടെ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെ വിവിധ കമ്പനികളിൽ ജോലി നേടിയവരെയും കലാ-കായിക മേഖലകളിൽ സംസ്ഥാനതലം വരെ മികച്ച നേട്ടം കൈവരിച്ചവരുമായ 70-ൽ പരം വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
കിറ്റ്‌സ് ഡയറക്ടർ ഡോ.ദിലീപ് എം.ആർ., തിരുവനന്തപുരം എയർപോർട് ഹെഡ് ഓഫ് ഓപ്പറേഷൻസ്, പി.കെ.അജു, കിറ്റ്‌സ് പ്രിൻസിപ്പൽ ഡോ.ബി രാജേന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ദീപ സുരേന്ദ്രൻ, ഡോ.സി.കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.