22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ട്രെയിനിലെ കമ്പിയില്‍തൂങ്ങി പെണ്‍കുട്ടി,അലറിവിളിച്ച് യാത്രക്കാര്‍;സാഹസികമായി രക്ഷിച്ചത് പോലീസുകാരന്‍
Kerala

ട്രെയിനിലെ കമ്പിയില്‍തൂങ്ങി പെണ്‍കുട്ടി,അലറിവിളിച്ച് യാത്രക്കാര്‍;സാഹസികമായി രക്ഷിച്ചത് പോലീസുകാരന്‍


വടകര: സ്വന്തംജീവന്‍ പണയപ്പെടുത്തി യാത്രക്കാരിയായ പെണ്‍കുട്ടിയുടെ ജീവന്‍രക്ഷിച്ച വടകര റെയില്‍വേപോലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ വി.പി. മഹേഷിന് യാത്രക്കാരുടെ ഹൃദയത്തില്‍നിന്നുള്ള സല്യൂട്ട്. ഞായറാഴ്ച വൈകീട്ട് 5.40-നാണ് നാഗര്‍കോവിലില്‍നിന്ന് മംഗലാപുരംവരെപോവുന്ന പരശുറാം എക്‌സ്പ്രസ് വടകര റെയില്‍വേ സ്റ്റേഷനിലെ രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയത്.പരശുറാമിലെ ഭിന്നശേഷിക്കാര്‍ക്കുള്ള കോച്ചില്‍ മറ്റ് യാത്രക്കാര്‍ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മഹേഷ് പ്ലാറ്റ്‌ഫോമില്‍ എത്തിയത്. പരിശോധനയ്ക്കുശേഷം അവിടെ നില്‍ക്കുമ്പോഴാണ് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാനായി പെണ്‍കുട്ടി ബാഗുമായി ഓടിവരുന്നത് മഹേഷ് കാണുന്നത്. രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ മുന്‍പും അപകടങ്ങള്‍ നടന്നിട്ടുള്ളതിനാല്‍ ഓടിക്കയറരുതെന്ന് ഇദ്ദേഹം പെണ്‍കുട്ടിയെ വിലക്കുന്നുണ്ടായിരുന്നു.

എന്നാല്‍ അതൊന്നുംശ്രദ്ധിക്കാതെ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച പെണ്‍കുട്ടി സ്റ്റെപ്പില്‍നിന്ന് കാല്‍വഴുതി കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നതാണ് പിന്നെ കാണുന്നത്. പെണ്‍കുട്ടി കമ്പിയില്‍നിന്ന് കൈവഴുതി താഴേക്ക് പോയ്‌ക്കൊണ്ടിക്കുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നവര്‍ക്ക് അലറിവിളിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനായില്ല.

ഉടന്‍ മഹേഷ് ഓടിയെത്തി കുട്ടിയെ പിടിച്ചുയര്‍ത്തി പ്ലാറ്റ്‌ഫോമിലേക്കിടാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി വെപ്രാളത്തില്‍ ഇടതുകൈകൊണ്ട് മഹേഷിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചതോടെ രണ്ടുപേരും ട്രാക്കിലേക്ക് വീഴുമെന്നനിലയിലായി.

ഒരുനിമിഷം ബാലന്‍സ് വീണ്ടെടുത്ത മഹേഷ് ഒരു കൈകൊണ്ട് ട്രാക്കില്‍വീഴാതെ പെണ്‍കുട്ടിയെ ഉയര്‍ത്തി പ്ലാറ്റ്‌ഫോമിലേക്ക് ചാടി. രണ്ടുപേരും വലിയപരിക്കുകളില്ലാതെ പ്ലാറ്റ്‌ഫോമില്‍ വന്നുവീണു.അപ്പോഴേക്കും സംഭവം ശ്രദ്ധയില്‍പ്പെട്ട ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. മഹേഷിനെ യാത്രക്കാര്‍ അഭിനന്ദനംകൊണ്ട് മൂടി. ഫോട്ടോയെടുത്ത് ഹൃദയസ്പര്‍ശിയായ കുറിപ്പോടെ സാമൂഹികമാധ്യമങ്ങളിലിടുകയും ചെയ്തു.

ഇനി ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ഉപദേശത്തോടെ, മംഗലാപുരത്ത് പഠിക്കുന്ന പെണ്‍കുട്ടിയെ അതേവണ്ടിയില്‍ കയറ്റിവിട്ടു. കണ്ണൂര്‍ പിണറായി സ്വദേശിയാണ് മഹേഷ്.

Related posts

വീടില്ലാത്ത ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ല; മുഖ്യമന്ത്രി

Aswathi Kottiyoor

കരുത്തേകി സമ്പദ്‌ഘടന കുതിച്ചു ; കേരളത്തിന്റെ മികച്ച വളർച്ച നിരക്ക്‌ ശ്രദ്ധേയമാകുന്നു.

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഏപ്രിൽ നാല് വരെ

Aswathi Kottiyoor
WordPress Image Lightbox