ട്രാഫിക് സിഗ്നൽ മുതൽ വോട്ടിങ്‌മെഷീൻവരെ ഇനി കുട്ടികളൊരുക്കും. തീർന്നില്ല, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇലക്ട്രോണിക് ഡയസ്, ഓട്ടോമാറ്റിക് ഡോർ, സെക്യൂരിറ്റി അലാറം തുടങ്ങിയവയുടെ സാങ്കേതിക വിദ്യയും പരിശീലിച്ച് മിടുക്കരാകാൻ ഒരുങ്ങുകയാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ. ഇതിന്, അത്യാധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താൻ പൊതുവിദ്യാലയങ്ങളിൽ 9000 റോബോട്ടിക് ലാബുകൾ തയ്യാറാക്കും. രാജ്യത്ത് ആദ്യമായാണിത്തരം പദ്ധതി.
ലിറ്റിൽ കൈറ്റ്‌സ് ക്ലബ് മുഖേനയുള്ള പരിശീലനത്തിലൂടെ റോബോട്ടിക്സ്, ഐഒടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുത്തൻ സാങ്കേതിക മേഖലകളിൽ പ്രായോഗിക പരിജ്ഞാനം കുട്ടികൾക്ക് ലഭിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, ശബ്ദനിയന്ത്രിത ഹോം ഓട്ടോമേഷൻ തുടങ്ങിയവ നിർമിക്കാൻ സബ്ജില്ല, ജില്ലാതലത്തിലാകും പരിശീലനം. മൊബൈൽ ആപ് നിർമിക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ് പ്രവർത്തനങ്ങൾ എന്നിവയിലും പരിശീലനം നൽകും.
പരിശീലനത്തിന്
റോബോട്ടിക് കിറ്റുകൾ
പരിശീലനത്തിനായി റോബോട്ടിക് കിറ്റുകൾ സ്‌കൂളുകൾക്ക് നൽകും. ആർഡിനോ യൂനോ Rev3, എൽഇഡികൾ, എസ്ജി 90 മിനി സർവോ മോട്ടോർ, എൽഡിആർ സെൻസർ മൊഡ്യൂൾ, ലൈറ്റ് സെൻസർ മൊഡ്യൂൾ, ഐആർ സെൻസർ മൊഡ്യൂൾ, ആക്ടീവ് ബസർ മൊഡ്യൂൾ, പുഷ്‍ ബട്ടൺ സ്വിച്ച്, ബ്രെഡ്ബോർഡ്, ജംപർ വയറുകൾ, റെസിസ്റ്ററുകൾ എന്നിവ കിറ്റിലുണ്ടാകും.
പ്രത്യേക മൊഡ്യൂൾ
ഇതിനുള്ള പ്രത്യേക പരിശീലനം ഒരു സ്‌കൂളിൽ രണ്ടു വീതമെന്ന കണക്കിൽ 4000 കൈറ്റ് മാസ്റ്റർമാർക്ക് (അധ്യാപർക്ക്) നൽകും. ഇവർ 60,000 കുട്ടികൾക്കും അവർ മറ്റു കുട്ടികളെയും പരിശീലിപ്പിക്കും. ആദ്യഘട്ടത്തിൽ 12 ലക്ഷം കുട്ടികൾക്കാണ് പരിശീലനം.
2000 സ്കൂളില്‍
9000 റോബോട്ടിക് ലാബ്
വിനോദത്തിലൂടെ വിദ്യാർഥികൾക്ക് അറിവും കഴിവുകളും വികസിപ്പിക്കാൻ നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന റോബോട്ടിക് ലാബുകൾ ഡിസംബറിൽ സംസ്ഥാനത്തെ 2000 ഹൈസ്കൂളിൽ സജ്ജമാകും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി 9000 ലാബ് സജ്ജമാക്കുന്നത്. ഡിസംബർ എട്ടിന് പകൽ 12.15ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൈറ്റ് സിഇഒ കെ അൻവർസാദത്തും പങ്കെടുത്തു.