മഹാരാഷ്ട്രയിലെ ജാത് താലൂക്കിലെ കന്നഡ സംസാരിക്കുന്നവരുടെ ഗ്രാമങ്ങൾ കർണാടകയിൽ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് മറുപടി നൽകി മറാത്താ നേതാക്കൾ. മഹാരാഷ്ട്രയിലെ ഒരു ഗ്രാമം പോലും മറ്റൊരു സംസ്ഥാനത്തിനും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു.
അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ ജാത് താലൂക്ക് കർണാടകയിൽ ലയിപ്പിക്കണമെന്ന് 2012-ൽ പ്രദേശവാസികൾ പ്രമേയം പാസാക്കിയിരുന്നു. കുടിവെള്ള സൗകര്യങ്ങളിലെ അപര്യാപ്തതയടക്കം ചൂണ്ടിക്കാട്ടിയാണ് കന്നഡ ജനവിഭാഗത്തിന് ഭൂരിപക്ഷമുള്ള ഗ്രാമങ്ങൾ പ്രമേയം കൊണ്ടുവന്നത്. ഈ നീക്കം നടപ്പാക്കുമെന്ന് ബുധനാഴ്ച ബൊമ്മെ പ്രഖ്യാപിച്ചതാണ് മഹാരാഷ്ട്ര നേതാക്കളെ പ്രകോപിപ്പിച്ചത്.
ജാതിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചെന്നും കർണാടക അതിർത്തിയിലുള്ള ഗ്രാമങ്ങൾക്കായി മഹാരാഷ്ട്ര സർക്കാർ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഷിൻഡെ അറിയിച്ചു. ഇതിനിടെ കർണാടകയിലെ ബെളഗാവി അടക്കമുള്ള ജില്ലകളിലെ മറാത്താ ജനവിഭാഗം വസിക്കുന്ന എല്ലാ ഗ്രാമങ്ങളിലും മഹാരാഷ്ട്രയിൽ നിയമപരമായി കൂട്ടിച്ചേർക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
അതിർത്തി തർക്കം പരിഹരിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ പ്രതിനിധികൾ ഉടൻതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ചർച്ച നടത്തും.