കോയമ്പത്തൂരിലും മംഗളൂരുവിലും സ്ഫോടനങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ കേന്ദ്ര, സംസ്ഥാന സുരക്ഷാ ഏജന്‍സികളുടെ സംയുക്ത അടിയന്തര യോഗം കൊച്ചിയില്‍ ചേര്‍ന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ റോ ഉള്‍പ്പെടെയുള്ള സംഘങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായാണു വിവരം.
നിലവിലെ സുരക്ഷ വിലയിരുത്തിയതിനൊപ്പം മുന്‍കരുതലുകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. മംഗളൂരുവില്‍ ഓട്ടോയിലുണ്ടായ പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനത്തിനു സ്ഫോടക വസ്തുക്കള്‍ എത്തിച്ചത് കേരളത്തില്‍ നിന്നാണെന്നു സംശയം. പ്രതി മുഹമ്മദ് ഷരീഖ് ആലുവയില്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ തങ്ങിയതായാണു കണ്ടെത്തിയിട്ടുള്ളത്.
ആലുവയിലെ ലോഡ്ജിലെ മേല്‍വിലാസത്തില്‍ ഷരീഖിന് കൊറിയറില്‍ എത്തിയത് സ്ഫോടക വസ്തുക്കള്‍ ആണോയെന്നും സംശയിക്കുന്നു. എറണാകുളത്തു നിന്നു ചില സഹായങ്ങളും ഇയാള്‍ക്കു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നാണു ഷരീഖ് ആലുവയില്‍ എത്തിയത്. യാത്രയുടെ വിവരങ്ങളും എടിഎസ് ശേഖരിച്ചിട്ടുണ്ട്. ആലുവയില്‍ എത്തിയ ഇയാള്‍ എവിടെ താമസിച്ചു, ആരെയെല്ലാം സന്ദര്‍ശിച്ചു എന്ന കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.