ബാലനീതി നിയമപ്രകാരം പ്രായം കണക്കാക്കാന്‍ ആധാര്‍ കാര്‍ഡ് മതിയായ രേഖയല്ലെന്നും പ്രായം വ്യക്തമാക്കാനായി സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ തദ്ദേശ സ്ഥാപനം നല്കുന്ന സര്‍ട്ടിഫിക്കറ്റോ വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അസാം സ്വദേശിയായ യുവാവ് തനിക്ക് 16 വയസേയുള്ളൂവെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരം പ്രതിയുടെ പ്രായം ഉറപ്പിക്കാന്‍ ആധാര്‍ കാര്‍ഡല്ല, സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ തദ്ദേശ ഭരണ സ്ഥാപനം നല്കുന്ന സര്‍ട്ടിഫിക്കറ്റോ വേണമെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ രണ്ടു രേഖകളുടെയും അഭാവത്തില്‍ പ്രായം നിര്‍ണയിക്കാനുള്ള മെഡിക്കല്‍ പരിശോധനയാണു നിയമത്തില്‍ പറയുന്നതെന്നും വ്യക്തമാക്കി. തുടര്‍ന്ന്, പ്രതിക്കു പ്രായപൂര്‍ത്തിയായതാണെന്നു വിലയിരുത്തി ജാമ്യാപേക്ഷ തള്ളി.
പീരുമേട്ടിലെ എസ്റ്റേറ്റില്‍ ജോലി ചെയ്തിരുന്ന പ്രതി സമീപത്തെ വീട്ടിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ജൂണ്‍ മൂന്നിന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇയാളുടെ ആധാര്‍ കാര്‍ഡില്‍ ജനനത്തീയതി 2006 ജനുവരി രണ്ടെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് തനിക്കു 16 വയസു മാത്രമാണ് പ്രായമെന്നും കുട്ടിയാണെന്ന് പരിഗണിച്ചു ബാലനീതി നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ഹര്ജിക്കാരന് വാദിച്ചു.
അസമിലെ ആരോഗ്യവകുപ്പ് ഇക്കാര്യം വ്യക്തമാക്കി നല്കിയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാല്‍ ഈ വാദത്തെ പ്രോസിക്യൂഷന് എതിര്‍ത്തു. പ്രതിയുടെ ജനനത്തീയതി 2003 ഫെബ്രുവരി 13 ആണെന്ന സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, ഇയാള്‍ വിവാഹിതനാണെന്നും 19 വയസുണ്ടെന്നും വിശദീകരിച്ചിരുന്നു.