കൊട്ടിയൂർ : വനംവകുപ്പ് നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി വന്യമൃഗശല്യം പരിഹരിക്കാനെന്ന വ്യാജേന ഭാവിയിൽ കൊട്ടിയൂർ പഞ്ചായത്തിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണെന്ന് പഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ വ്യക്തമാക്കി. 4000 കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് 800 ഓളം കുടുംബങ്ങൾ നിലവിൽ ഈ പദ്ധതിക്കായി അപേക്ഷ നൽകിക്കഴിഞ്ഞു. വന്യമൃഗശല്യം പരിഹരിക്കാനാണ് പദ്ധതി എന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാൽ വന്യമൃഗശല്യത്തിന് യാതൊരു പരിഹാരവും ഈ പദ്ധതിയിലൂടെ ഉണ്ടാകില്ലെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തൽ.
വനാതിർത്തിയിൽ താമസിക്കുന്ന ആളുകൾ കുടിയൊഴിഞ്ഞ് മറ്റിടങ്ങളിലേക്ക് പോകുകയും ഇവിടങ്ങൾ വനമായി മാറുകയും അതുവഴി വന്യമൃഗങ്ങൾ കൂടുതൽ ടൗണുകളിലേക്ക് എത്തിച്ചേരുന്ന സാഹചര്യം ഇതുമൂലം ഉണ്ടാകുമെന്നും പഞ്ചായത്ത് ഭരണസമിതി ചൂണ്ടിക്കാട്ടി. ഇപ്പോൾ പ്രദേശത്ത് ഇല്ലാത്ത വന്യമൃഗങ്ങൾ കൂടി എത്തിപ്പെടുന്ന സാഹചര്യം ഇതുമൂലം ഉണ്ടാകും. വന്യമൃഗശല്യം പരിഹരിക്കുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശമെങ്കിൽ ആനപ്രതിരോധ മതിൽ, റെയിൽ ഫെൻസിംഗ് തുടങ്ങിയവ സ്ഥാപിക്കുകയാണു വേണ്ടത്.
അതിനായി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്കായി നിലവിൽ ഭൂമി ഏറ്റെടുക്കുന്ന തുകയുടെ ചെലവ് വരില്ല. വനം വളർത്തി കൃഷിയിടങ്ങളും ജനവാസ മേഖലകളും ഇല്ലാതാക്കി ജനങ്ങളെ ഈ പ്രദേശത്തുനിന്ന് ആട്ടിപ്പായിക്കുന്ന നിലപാടാണ് ഈ പദ്ധതികൊണ്ട് വനംവകുപ്പ് വിഭാവനം ചെയ്യുന്നത്. ഭാവിയിൽ ഇരുവശങ്ങളും വനനിബിഡമായ പ്രദേശമാകുകയും ഒരുപക്ഷേ യാത്രാനിരോധനം വരെ വരാൻ സാധ്യതയുള്ള പ്രദേശമായി കൊട്ടിയൂർ മാറാനും സാധ്യതയുണ്ട്. കൊട്ടിയൂർ പഞ്ചായത്തിന്റെ നാലു ഭാഗവും വനാതിർത്തികൾ പങ്കിടുന്ന പ്രദേശമാണ്. എല്ലാ വാർഡുകളുടെയും ഒരു അതിർത്തി വനമാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറി വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വന്യമൃഗശല്യത്തിനെതിരേ വനംവകുപ്പിന്റെ നിലവിലുള്ള പ്രതിരോധ നടപടികൾ കാര്യക്ഷമമല്ല. വനാതിർത്തിയിലൂടെ റോഡ് നിർമിച്ച് കാമറകളും മറ്റ് സുരക്ഷാസംവിധാനങ്ങളും ഒരുക്കി വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയണം. വന്യമൃഗശല്യം മൂലമുണ്ടാകുന്ന കൃഷിനാശത്തിന് നൽകുന്ന തുകയും തുച്ഛമാണ്. ഇത് ഉയർത്തി യഥാർത്ഥ നഷ്ടപരിഹാരം കർഷകന് നൽകണം. ഇത്തരം കാര്യങ്ങളിൽ സർക്കാർ അടിയന്തരശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ പ്രദേശത്തെ കർഷകരുടെയും ജനങ്ങളുടെയും നിലനിൽപ്പുതന്നെ ഭീഷണിയിലാകും. -പഞ്ചായത്ത് ഭരണസമിതി പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.
യുഡിഎഫിനും എൽഡിഎഫിനും തുല്യ മെംബർമാരുള്ള പഞ്ചായത്ത് ഐകകണ്ഠേനയാണ് ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. പ്രമേയ വിശദീകരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, ഷാജി പൊട്ടയിൽ, ബാബു കാരുവേലിൽ, ബാബു മാങ്കോട്ടിൽ, തോമസ് പൊട്ടനാനി, ബാലൻ പുതുശേരി തുടങ്ങിയ മെംബർമാർ പങ്കെടുത്തു.