കൊട്ടിയൂർ: നിർദിഷ്ട മാനന്തവാടി -മട്ടന്നൂർ എയർപോർട്ട് റോഡിനായി സ്ഥലം നഷ്ടപ്പെടുന്ന ഉടമകളുടെയും വ്യാപാരികളുടെയും ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. മാനന്തവാടി മട്ടന്നൂർ എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത് .എംഎൽഎ, വകുപ്പ് മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു. 24 മീറ്റർ റോഡാണെന്നാണ് ബോർഡ് അറിയിച്ചത്. എന്നാൽ നിലവിൽ ഭൂമി ഏറ്റെടുക്കാൻ കുറ്റി സ്ഥാപിച്ചത് 24 മുതൽ 38 മീറ്റർ വരെ വീതിയിലാണ്. മുന്പ് പ്രദർശിപ്പിച്ച അലൈൻമെന്റിൽ നിന്നും വ്യത്യസ്തമായാണ് എപ്പോഴും ഭൂമി ഏറ്റെടുക്കൽ നടക്കുന്നത്. ബൈപാസുകളായി ഏറ്റെടുക്കുന്ന കേളകം, പേരാവൂർ പ്രദേശങ്ങളിലൂടെ അലൈൻമെന്റ് കാര്യത്തിൽ തീരുമാനമായിട്ടില്ല. ഭൂമിയും, കെട്ടിടങ്ങളും, വീടും നഷ്ടപ്പെട്ടവർക്ക് പ്രത്യേക പാക്കേജ് ഉണ്ടോ എന്ന് പോലും സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അടിയന്തരമായി യോഗം വിളിച്ചുചേർത്ത് ആശങ്കകൾ പരിഹാരം ഉണ്ടാകാൻ ശ്രമിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പോൾ കണ്ണന്താനം ജോസഫ് നന്പുടാകം, പി.സി. രാമകൃഷ്ണൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.