വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ സിബിഐയുടെ പുതിയ സംഘം അന്വേഷണം തുടങ്ങി. കൊച്ചി സിബിഐ യൂണിറ്റ് ഡിവൈഎസ്പി വി.എസ്. ഉമയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
അന്വേഷണ സംഘം വാളയാറിലെ വീട്ടിലെത്തി പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു. പുതിയ അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്നു പെണ്‍കുട്ടികളുടെ അമ്മ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.
തിരുവനന്തപുരം സിബിഐ സ്പെഷ്യൽ ക്രൈം സെൽ ഓഫീസറുടെ നേതൃത്വത്തിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആവശ്യമായ കണ്ടെത്തലുകൾ ഇല്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നുള്ള നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 10ന് കേസിൽ തുടരന്വേഷണത്തിന് പാലക്കാട് സ്പെഷൽ പോക്സോ കോടതി ഉത്തരവിട്ടത്.
ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്ന അതേ കാര്യങ്ങൾ തന്നെയാണ് സിബിഐ കുറ്റപത്രത്തിലും ഉള്ളതെന്ന വിമർശനവും കുടുംബം ഉന്നയിച്ചിരുന്നു. സിബിഐ തുടരന്വേഷണം കേരളത്തിനു പുറത്തുനിന്നുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വേണമെന്ന ആവശ്യം വാളയാർ പെണ്‍കുട്ടികളുടെ അമ്മ ഉന്നയിക്കുകയും സിബിഐ ഡയറക്ടർക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകുകയും ചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ പുരോഗതി ഉടൻ അറിയിക്കണമെന്ന കോടതിയുടെ നിർദേശവുമുണ്ട്.
2017 ജനുവരി 13 നാണു പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒന്‍പതുവയസുള്ള ഇളയ സഹോദരിയെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.