ഇടുക്കിയിലെ ഏലക്കൃഷി കണ്ണൂരിന്റെ മലയോരപ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു. ചെരിഞ്ഞ പ്രദേശങ്ങളും കാലാവസ്ഥയും തുടങ്ങി എല്ലാംകൊണ്ടും അനുയോജ്യമാണ് ഏലക്കൃഷിക്ക്. രോഗബാധയും കുറവ്. നട്ടുകഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ വരുമാനം ലഭിച്ചുതുടങ്ങും. അതിനാൽ പലരും ഒരുകൈ പരീക്ഷിക്കുകയാണ് ഈ സുഗന്ധവ്യഞ്ജന വിളയിൽ.
ഏലക്കൃഷിയിൽ വിജയം കൈവരിച്ച കർഷകനാണ് ജോസ്ഗിരിയിലെ അലകനാൽ ജോയി. പല കൃഷികളും ബാധ്യതയായി മാറിയപ്പോൾ ഏലക്കൃഷി ഒരു പരീക്ഷണമായി തുടങ്ങിയതാണ്. എന്നാൽ, മൂന്ന് ചുവട് ഏലത്തിൽനിന്നും മൂവായിരം ചുവട് ഏലവുമായി തന്റെ പരീക്ഷണക്കൃഷിയിൽ വിജയം കൈവരിച്ചു. ഇടുക്കിയിൽനിന്ന് കൊണ്ടുവന്ന ഞരളാനി ഇനത്തിൽപ്പെട്ട ഏലമാണ് നാലേക്കർ സ്ഥലത്ത് കൃഷി ചെയ്തിരിക്കുന്നത്. ഒരു തൈക്ക് 35 രൂപ നിരക്കിലാണ് വാങ്ങിയത്.
ഏലം മികച്ച വരുമാനമാർഗം
ഏലക്കൃഷി മികച്ച വരുമാനമാർഗമാണെന്ന് ജോയി പറയുന്നു. നട്ടു കഴിഞ്ഞാൽ രണ്ടാം വർഷം കായ്ച്ചുതുടങ്ങും. മൂന്നാം വർഷം മുതൽ മികച്ച രീതിയിൽ വിളവ് ലഭിക്കും.
അഞ്ചു കിലോ പച്ചക്കായ് പറിച്ച് ഉണങ്ങിയാൽ ഒരു കിലോ ഉണക്കകായ് കിട്ടുമെന്നും ജോയി പറയുന്നു. നടുന്പോൾ ഒരു തൈയും മറ്റൊരു തൈയുമായി മൂന്നുമീറ്റർ അകലമെങ്കിലും പാലിക്കണം.
മൂന്നാം വർഷം മുതൽ 3000 ചുവട് ഏലത്തിൽനിന്ന് വർഷത്തിൽ 55 ക്വിന്റൽ പച്ചക്കായ് കിട്ടും. ഇത് ഉണങ്ങിയാൽ പത്തു ക്വിന്റൽ ഉണക്കകായ് കിട്ടും. എന്നാൽ, ഒരു ചുവടിന് 500 രൂപയുടെ പണിയെങ്കിലും എടുക്കേണ്ടിവരും.
എല്ലുപൊടി, ചാണകപ്പൊടി, കുമ്മായപ്പൊടി എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്ന വളം. ഒരേക്കർ സ്ഥലത്ത് ഒന്നര ക്വിന്റലോളം കുമ്മായം ഒരു വർഷം ഇടും. ഏലത്തിന് കൃത്യമായ പരിചരണം ആവശ്യമാണ്. ചുവട്ടിൽ മണ്ണിട്ട് കൊടുക്കണം. ചപ്പിട്ട് കൊടുക്കണം. എപ്പോഴും തണുപ്പ് നിലനിർത്തണം.
ഏലത്തിന് പുറമെ കുരുമുളക്, കൊക്കോ, കവുങ്ങ് എന്നിവയും ജോയി കൃഷി ചെയ്യുന്നുണ്ട്. രാവിലെ ഏഴോടെ കൃഷിയിടത്തിലിറങ്ങി ഏലത്തിനുള്ള പരിചരണം ആരംഭിക്കും. ഇരുട്ട് പരക്കുന്നതുവരെ കൃഷിതോട്ടത്തിൽ ഉണ്ടാകും. 40 ശതമാനം വനം ഉള്ളിടത്താണ് ഏലത്തിന് അനുയോജ്യമായത്. ചെരിഞ്ഞ പ്രദേശമാണ് ഏലക്കൃഷിക്ക് അനുയോജ്യം.
ഏലത്തിന്റെ ചുവട്ടിൽ ഒരിക്കലും വെള്ളം കെട്ടി നിൽക്കരുത്. ആദ്യം ചാണകപ്പൊടി ഇടണം. പിന്നെ മണ്ണിട്ട് കൊടുക്കണം. എന്നിട്ട് ചപ്പിടണം.
പച്ചക്കായ് പറിച്ച് ഉണങ്ങാൻ വിറകിട്ട് കത്തിക്കുന്ന ഒരു പുകപ്പുരയും ജോയി സജ്ജമാക്കിയിട്ടുണ്ട്.
ഈ പുകപ്പുരയിൽ 24 മണിക്കൂറിനുള്ളിൽ ഏലം ഉണങ്ങാൻ സാധിക്കും. ജോയിയുടെ ഏലക്കായ് വാങ്ങിക്കാൻ തൃശൂരിൽനിന്നാണ് വ്യാപാരികളെത്തുന്നത്.
കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ ഏലക്കൃഷിക്ക് സാധ്യതകൾ ഏറെയാണെന്നും ഏലക്കൃഷിക്ക് അനുയോജ്യമായ കാലവസ്ഥയാണ് ഇവിടങ്ങളിൽ ഉള്ളതെന്നും ജോയി പറയുന്നു.