മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ പീനൽ കോഡിൽ (ഐപിസി) ഭേദഗതി വരുത്തുന്ന ബില്ലിന്റെ കരട് ഇന്നലെ ചേർന്ന മന്ത്രിസഭയിലുമെത്തി.
അജൻഡയിൽ നിന്ന് ഒഴിവാക്കാത്ത സാഹചര്യത്തിലാണ് മാധ്യമ നിയന്ത്രണ ബിൽ വീണ്ടും മന്ത്രിസഭായോഗം ചേർന്നപ്പോൾ പരിഗണനയ്ക്ക് എത്തിയത്.
അപകീർത്തികരവും അപമാനകരവും ബ്ലാക്ക്മെയിൽ ചെയ്യാൻ ഉദ്ദേശിച്ചുള്ളതുമായ ഉള്ളടക്കം, ചിത്രം എന്നിവ ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, സർക്കുലറുകൾ, മറ്റു വിനിമയ മാധ്യമങ്ങൾ എന്നിവയിൽ അച്ചടിക്കുകയോ അച്ചടിക്കാനായി തയാറാക്കുകയോ പൊതുജനങ്ങൾക്ക് കാണാനാകും വിധം പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാക്കിയാണ് ഐപിസി ഭേദഗതി മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടു വന്നത്. ഐപിസി 292 -ാം വകുപ്പ് ഭേദഗതി ചെയ്ത് 292(എ) എന്ന ഉപവകുപ്പാണ് ഭേദഗതിയിലൂടെ കൊണ്ടുവരാനാണു സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടത്.
ഇതിന് ആനുപാതികമായി ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി)ചില വ്യവസ്ഥകളിലും ഭേദഗതി വരുത്തും. മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ബിൽ വിശദ പഠനത്തിനുശേഷം മതിയെന്നു മന്ത്രിമാർ പറഞ്ഞതിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭയിൽ നിന്നു മാറ്റിവച്ചത്.