സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 ഓളം പാലങ്ങൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതി 2023ൽ നടപ്പിലാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനൊപ്പം കല്ലായ് പാലം സന്ദർശിക്കുകയായിരുന്നു മന്ത്രി. കല്ലായ് പാലത്തിലെ തകർന്ന കൈവരികൾ അടിയന്തിരമായി നന്നാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നടപടി ക്രമങ്ങൾ ഇന്നു തന്നെ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ പാലങ്ങൾ ഉണ്ട്.അവയിൽ തെരഞ്ഞെടുക്കപ്പെട്ട പാലങ്ങളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കി ദൃഢത ഉറപ്പു വരുത്തുകയും പെയിന്റിങ്ങും ലൈറ്റിങ്ങും നൽകി ആകർഷകമാക്കുകയും ചെയ്യും. 40 വർഷത്തോളം പഴക്കമുള്ളതും ഏറെ ചരിത്ര പ്രാധാന്യമുള്ളതുമായ കല്ലായ് പാലവും പദ്ധതിയുടെ ഭാഗമായി സൗന്ദര്യവത്കരിക്കും. തദ്ദേശസ്വയംഭരണ, പൊതു മേഖല, സഹകരണ സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്നു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. സി എച് ഫ്ലൈ ഓവർ, എ കെ ജി ഫ്ലൈ ഓവർ, പന്നിയങ്കര ഫ്ലൈ ഓവർ, തലശ്ശേരി മൊയ്‌ദു പാലം തുടങ്ങി വടക്കു മുതൽ തെക്കു വരെയുള്ള പാലങ്ങൾ പദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ പാത എക്സിക്യൂട്ടീവ് എൻജിനീയർ കെ വിനയരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അബ്ദുൾ ഗഫൂർ, അസിസ്റ്റന്റ് എൻജിനീയർ ആർ.റീന, ഓവർസിയർമാർ തുടങ്ങിയവർ ഉണ്ടായിരുന്നു.
previous post