കെഎസ്ആർടിസി ദിവസ വേതനാടിസ്ഥാനത്തിൽ ബദലി ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കുന്നു.
ഇതിനുള്ള അപേക്ഷകൾ 14 – വരെ ജില്ലാ ഓഫീസുകളിൽ സ്വീകരിക്കും. കെഎസ്ആർടിസിയിൽ ജീവനക്കാർ അധികമാണെന്ന് മാനേജ്മെന്റ് നിലപാടുള്ളപ്പോഴാണ് ദിവസവേതനക്കാരെ നിയമിക്കാൻ സിഎംഡി കഴിഞ്ഞ ഒന്പതിന് ഉത്തരവിറക്കിയത്. ശബരിമല സ്പെഷൽ സർവീസുകൾ കാര്യക്ഷമമാക്കാനാണ് ഈ നിയമനമെന്നാണ് വിശദീകരണം. ശബരിമല മണ്ഡല കാല തീർഥാടനത്തിന് 200 ബസുകൾ സ്പെഷൽ സർവീസിനായി ഒരുക്കാൻ നേരത്തെ നിർദേശം നല്കിയിരുന്നു.
എംപാനൽ കാരെ നിയമിക്കുന്നതിന് കോടതിയുടെ വിലക്കുണ്ട്. എന്നാൽ 2012-ൽ പിഎസ്സി തയാറാക്കിയ റിസർവ് ഡ്രൈവർമാരുടെയും 2013-ലെ റിസർവ് കണ്ടക്ടർമാരുടെയും പട്ടികയുണ്ട്. ഈ രണ്ട് റാങ്ക് ലിസ്റ്റുകളും കാലഹരണപ്പെട്ടതാണ്. ഈ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിരുന്നവരും ഹൈക്കോടതിയിലെ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന രണ്ട് കേസുകളിൽ ഹർജിക്കാരായിരുന്നവർക്കും ഇപ്പോഴത്തെ താത്ക്കാലിക നിയമനത്തിൽ മുൻഗണന നല്കണമെന്നും ജില്ലാ മേധാവികൾക്ക് നിർദേശം നല്കി യിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട രേഖകൾ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം ഹാജരാക്കുകയും വേണം.