23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ലോകകപ്പ് പ്രചാരണത്തിന് പ്ലാസ്‌റ്റിക് പ്രിന്റിംഗ് ഒഴിവാക്കണം: മന്ത്രി എം ബി രാജേഷ്
Kerala

ലോകകപ്പ് പ്രചാരണത്തിന് പ്ലാസ്‌റ്റിക് പ്രിന്റിംഗ് ഒഴിവാക്കണം: മന്ത്രി എം ബി രാജേഷ്

ഫുട്ബോള്‍ ലോകകപ്പിന്‍റെ പ്രചാരണത്തിനായി നിരോധിത വസ്‌തു‌ക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന്തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭ്യര്‍ഥിച്ചു. ഹൈക്കോടതി വിധി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ജൂലൈ ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ ഉല്‍പ്പന്നങ്ങളും കേന്ദ്രസര്‍ക്കാർ നിരോധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്കിനും പിവിസി ഫ്ലക്‌സുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്‌‌. പ്രകൃതി സൗഹൃദ പ്രചാരണ രീതികളിലേക്ക് മാറേണ്ടത് അനിവാര്യമാണ്. കോട്ടൺതുണി, പേപ്പർ അധിഷ്ഠിത പ്രിന്റിംഗ് രീതികൾക്ക് പരിഗണന നൽകാം. പിവിസി ഫ്ലക്‌സിന് പകരമായി പുനചംക്രമണം സാധ്യമാകുന്ന പോളി എഥിലിൻ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള പരസ്യ പ്രചരണ മാർഗ്ഗങ്ങൾ ഉപയോഗിക്കാം.

പ്ലാസ്റ്റിക് അധിഷ്‌ഠിത പ്രിന്റിംഗ് രീതികൾ കഴിവതും ഒഴിവാക്കണം. പോളി എഥിലീൻ പോലെയുള്ള പുനചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നവർ, അത് സമയബന്ധിതമായി നീക്കം ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു. ബോര്‍ഡുകളും ഫ്ലക്‌സുകളും യാത്ര മറയ്‌ക്കുന്ന രീതിയില്‍ സ്ഥാപിക്കാതിരിക്കാനും ശ്രദ്ധിക്കണം. ടീമുകള്‍ പുറത്താകുന്നതിന് അനുസരിച്ച് ബോര്‍ഡുകള്‍ നീക്കംചെയ്യാനും ആരാധകര്‍ തയ്യാറാകണം. ഫൈനല്‍ മത്സരം തീരുന്നതോടെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ബോര്‍ഡുകളും നീക്കം ചെയ്തെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഈ ലോകകപ്പ് മയക്കുമരുന്ന് വിരുദ്ധവും മാലിന്യമുക്തവുമായി ആഘോഷിക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ക്ലബ്ബുകളുടെയും കൂട്ടായ്‌മകളുടെയും യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യും. ലോകകപ്പ് ആഘോഷത്തിലൂടെ മാലിന്യമുക്ത-മയക്കുമരുന്ന് വിരുദ്ധ സന്ദേശം കൂടി കൈമാറാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഫുട്ബോള്‍ കാണാനായി തയ്യാറാക്കുന്ന പൊതുവിടങ്ങളില്‍ ഹരിതച്ചട്ടം പാലിക്കണം. അജൈവ പാഴ്വസ്‌തുക്കള്‍ തരംതിരിച്ച് ഹരിത കര്‍മ്മസേനയെ ഏല്‍പ്പിക്കാം. മയക്കുമരുന്നിനെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കാനും സര്‍ക്കാരിന്‍റെ ഗോള്‍ ചാലഞ്ചില്‍ പങ്കാളികളാകാനും ക്ലബ്ബുകളും കൂട്ടായ്‌മകളും ശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഹരിതച്ചട്ടം പാലിച്ച് ഫുട്ബോള്‍ ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്‌മകളെ ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ ആദരിക്കും. ഓരോ ജില്ലയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും, ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികളുടെയും ഫുട്ബോള്‍ കൂട്ടായ്‌മകളുടെയും സംഘാടകരുടെയും കായികസംഘടനകളുടെയും യോഗം വിളിച്ചുചേര്‍ക്കും. ജില്ലാ തലത്തില്‍ കളക്‌ടറും തദ്ദേശ സ്ഥാപന തലത്തില്‍ സെക്രട്ടറിയും ഇതിന് നേതൃത്വം നല്‍കും. നിരോധിത പിവിസി ഫ്ലക്‌സ് വസ്‌തു‌ക്കള്‍ പ്രിന്‍റ് ചെയ്യുന്ന സ്ഥലങ്ങളില്‍ പരിശോധനയും കര്‍ശനമാക്കും.

നിലവിലുള്ള അതേ യന്ത്രസംവിധാനം ഉപയോഗിച്ചുതന്നെ കൂടുതല്‍ മികവോടെ പുനചംക്രമണം സാധ്യമായ പോളി എഥിലീനില്‍ പ്രിന്‍റ് ചെയ്യാമെന്നിരിക്കെ, നിരോധിതവസ്‌തുക്കളില്‍ പ്രിന്‍റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ലോകകപ്പില്‍ ഇഷ്‌ട ടീമുകളുടെ മത്സരം കഴിയുന്ന മുറയ്‌ക്ക്‌‌ ഉത്തരവാദിത്തത്തോടെ ബോര്‍ഡുകള്‍ നീക്കം ചെയ്‌ത്‌‌ ആരാധകര്‍ സഹകരിക്കണം. ശുചിത്വകേരളത്തിനായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കൊപ്പം അണിനിരക്കാൻ ഓരോ ആരാധകനും സന്നദ്ധരാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Related posts

മൂന്നാം ദിവസവും വിജയ് ബാബു പോലീസിന് മുന്നില്‍; ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Aswathi Kottiyoor

പെറ്റ് ഷോപ്പുകൾക്കു ലൈസൻസ് നിർബന്ധമാക്കും : മന്ത്രി ജെ. ചിഞ്ചുറാണി

Aswathi Kottiyoor

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox