സംസ്ഥാനത്തു പുതുക്കിയ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ രണ്ടു ലക്ഷത്തിലേറെ വോട്ടർമാരുടെ കുറവ്. ഒരു ലക്ഷത്തിലേറെ പുതിയ വോട്ടർമാർ വന്നപ്പോഴാണ് ആകെ വോട്ടർമാരുടെ എണ്ണത്തിൽ രണ്ടു ലക്ഷത്തിന്റെ കുറവു വന്നത്.
പുതുക്കിയ കരടു വോട്ടർ പട്ടിക പ്രകാരം ആകെ 2,71,62,290 വോട്ടർമാരാണുള്ളത്. ഈ വർഷം ജനുവരിയിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,73,65,345 വോട്ടർമാരാണ് ഉൾപ്പെട്ടിരുന്നത്. കുറവ് 2,03,055. അടുത്ത വർഷം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണു വോട്ടർ പട്ടിക പുതുക്കുന്നത്.
കരടു വോട്ടർ പട്ടികയിൽ അവകാശങ്ങളും ആക്ഷേപങ്ങളും ഉള്ളവർക്ക് ഡിസംബർ എട്ടു വരെ സമർപ്പിക്കാം. ഓരോ സമ്മതിദായകനും, വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം.
.
17 വയസ് പൂർത്തിയായവർക്ക് ഇത്തവണ മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം, ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ നാല് യോഗ്യതാ തീയതികളിൽ എന്നാണോ 18 വയസ് പൂർത്തിയാകുന്നത്, ആ യോഗ്യതാ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അർഹത അനുസരിച്ച് വോട്ടർ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയൽ കാർഡ് ലഭിക്കും.