കണ്ണൂർ: കണ്ണൂർ നഗരത്തിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്ന കേസിൽ അന്തർസംസ്ഥാന സംഘം അറസ്റ്റിൽ. യുപി സ്വദേശികളായ രവീന്ദ്രപാൽ ഗൗതം, രംഭാറോസ്, ഡൽഹി സ്വദേശി മഹേന്ദ്ര എന്നിവരെയാണ് ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്. പയ്യാന്പലം കനിയിൽപാലത്തെ നക്ഷത്രയിൽ താമസിക്കുന്ന അശോകന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. ഒരു പവനോളം വരുന്ന സ്വർണവും നാലായിരം രൂപയുമാണ് മോഷണം പോയത്. വീട് പൂട്ടി പുറത്തു പോയപ്പോഴാണ് മോഷണം നടന്നത്. വീടിന്റെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും കവരുകയായിരുന്നു. പ്രതികൾക്കെതിരേ യുപി, ഡൽഹി സംസ്ഥാനങ്ങളിലും മോഷണ കേസുകളുണ്ട്.