അമ്പായത്തോട്: വർഷങ്ങളായുള്ള അമ്പായത്തോട് പട്ടയപ്രശ്നത്തിന് പരിഹാരമാകുന്നു. പട്ടയം നൽകുന്നതിനുള്ള അവസാനഘട്ട സർവേനടപടികൾ നാളെ ആരംഭിക്കും.
ഇതുസംബന്ധിച്ച് ഇരിട്ടി ഭൂരേഖ തഹസിൽദാരുടെ ഓഫീസിൽനിന്നു പഞ്ചായത്തിന് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ ആരംഭിച്ച് മൂന്നു ദിവസം കൊണ്ട് സർവേ പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകാനാണ് തീരുമാനം. സർവേക്ക് ആവശ്യമായ സഹായങ്ങൾ പഞ്ചായത്ത് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ 28ന് കണ്ണൂർ കളക്ടറേറ്റിൽ നടന്ന ഇംപ്ലിമെന്റിംഗ് കമ്മിറ്റി യോഗം പട്ടയനടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ കഴിഞ്ഞ 30 ലധികം വർഷമായി നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് ഫലപ്രാപ്തിയാകുമെന്ന വിശ്വാസത്തിലാണ് പ്രദേശവാസികൾ. നിരവധി തവണ ദീപിക ഇവരുടെ ദുരിതവാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.
1988 മുതൽ തുടങ്ങിയ
നിയമപോരാട്ടം
1950 കളിൽ കുടിയേറിയ പ്രദേശവാസികൾ 1988 മുതല്‍ പട്ടയത്തിനായി തുടങ്ങിയ നടപടികള്‍ 30 വര്‍ഷത്തിലേറെയായിട്ടും നീണ്ടുപോകുകയായിരുന്നു. മന്ദംചേരി മുതല്‍ പാല്‍ച്ചുരം വരെ ബാവലിപ്പുഴയരികിലും പന്നിയാംമലയിലുമായാണ് വനംവകുപ്പ് അവകാശമുന്നയിക്കുന്ന 9.328 ഹെക്ടര്‍ ഭൂമി സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് ബാവലിപ്പുഴയ്ക്ക് അക്കരെ വനമാണ്. ആ വനത്തിന്റെ ബാക്കി ഭാഗം പുഴയ്ക്കിക്കരെ കൃഷിഭൂമിയില്‍ ഉണ്ടെന്നാണ് വനംവകുപ്പിന്റെ അവകാശവാദം.
പരിശോധന നടത്തിയത്
പലവട്ടം
1977 ജനുവരി ഒന്നിനുമുമ്പ് കൈവശം വച്ചനുഭവിക്കുന്ന ഭൂമിക്ക് പട്ടയം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഈ ഭൂമി പട്ടയത്തിന് അര്‍ഹമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. തലശേരി തഹസില്‍ദാര്‍ 22-11-2011-ന് കളക്ടര്‍ക്ക് നല്കിയ കത്ത് പ്രകാരം 1955 മുതല്‍ ഈ കുടുംബങ്ങള്‍ പ്രദേശത്ത് കൃഷി ചെയ്തു ജീവിക്കുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു.
സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്താന്‍ റവന്യൂ, വനം വകുപ്പുകള്‍ ഭൂമിയില്‍ നാലുതവണ സംയുക്ത പരിശോധന നടത്തിയിരുന്നു. ആദ്യപരിശോധന 1988-94 കാലഘട്ടത്തിലാണ് നടന്നത്. പരിശോധനയില്‍ ഭൂമി 1-1-1977-ന് മുമ്പ് ഇവര്‍ കൈവശം വച്ചു വരുന്നതാണെന്ന് കണ്ടെത്തി. എന്നാല്‍ തഹസില്‍ദാര്‍ കളക്ടര്‍ക്ക് 22-11-2011-ന് അയച്ച കത്തില്‍ പരിശോധന നടന്നത് വളരെക്കാലം മുമ്പായതിനാല്‍ വീണ്ടും പരിശോധന നടത്തണമെന്നാണ് ശിപാർശ ചെയ്തത്.
പിന്നീട് 26-5-2015-ന് ഡിഎഫ്ഒ കളക്ടര്‍ക്ക് അയച്ച കത്തില്‍ സംയുക്ത പരിശോധന പ്രകാരം ഈ ഭൂമി പട്ടയം നല്‍കുന്നതിന് അര്‍ഹമെന്ന് കണ്ടെത്തിയതാണെന്ന് വ്യക്തമാക്കി. കേന്ദ്രാനുമതിക്കുള്ള പ്രൊപ്പോസല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അയച്ചതാണെന്നും എന്നാല്‍ അനുമതി ലഭിച്ചതായി വിവരമില്ലെന്നും പറഞ്ഞ് നടപടികൾ വൈകുകയായിരുന്നു.
പിന്നീട് 16-1-2016-ല്‍ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പ്രദേശത്ത് ഒരിക്കല്‍ക്കൂടി സംയുക്ത പരിശോധന നടത്തുന്നതാണ് ഉചിതമെന്ന് തീരുമാനിച്ചു.
ഇതേത്തുടര്‍ന്ന് പരിശോധന നടത്തി റിപ്പോര്‍ട്ട് 8-4-2016-ന് മുമ്പ് സമര്‍പ്പിക്കണമെന്ന് തഹസില്‍ദാരോട് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം 4-10-2018-ന് നടന്ന കളക്ടറുടെ യോഗത്തില്‍ കേന്ദ്രാനുമതിക്കായി ഓണ്‍ലൈന്‍ പ്രൊപ്പോസല്‍ തയാറാക്കി നല്കാന് വനംവകുപ്പിന്റെ ആവശ്യപ്രകാരം സംയുക്ത പരിശോധന നടത്തി ഡിജിറ്റല്‍ സ്കെച്ച് തയാറാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
കിഫയുടെ ഇടപെടൽ
നിർണായകമായി
അമ്പായത്തോട് പട്ടയപ്രശ്നം 2020 മുതൽ കർഷക സംഘടനയായ കിഫ ഏറ്റെടുക്കുകയും തുടർന്ന് കോടതി മുഖേനയും വിവരാവകാശ നിയമപ്രകാരവും പോരാട്ടം നടത്തിവരികയായിരുന്നു.
കിഫ പ്രവർത്തകരായ ജോണി കുമ്പളക്കുഴി, അനിൽ മണ്ണൂർ, ജോസ് പയ്യംപള്ളി തുടങ്ങിയവർ അഡ്വ. അഭിലാഷ് മാത്തൂർ, കിഫയുടെ ലീഗൽ സെൽ ഡയറക്ടർമാരായ അഡ്വ. അലക്സ് എം. സ്കറിയ. അഡ്വ. ജോസി ജേക്കബ് തുടങ്ങിയവരുടെ സഹായത്തോടെ നിയമപോരാട്ടം നടത്തിവരികയായിരുന്നു.
വനംവകുപ്പിന്റെ
കടുംപിടിത്തം
പലതവണ സംയുക്ത പരിശോധന നടത്തിയെങ്കിലും പട്ടയം നൽകുന്ന കാര്യം പിന്നെയും നീളുകയായിരുന്നു. സ്ഥലത്തിന് എൻഒസി ലഭിക്കുന്നതിനായി വനംവകുപ്പിനെ സമീപിച്ചപ്പോൾ അനുകൂല നിലപാട് ഉണ്ടായില്ല. വനം അതിർത്തി ജെണ്ട കൃഷിഭൂമിയിലാക്കാമെങ്കിൽ എൻഒസി നൽകാമെന്ന നിലപാടാണ് വനംവകുപ്പ് പുലർത്തിയതെന്ന് ഇതുമായി ബന്ധപ്പട്ട് പ്രവർത്തിച്ചവർ പറഞ്ഞു.
കൃഷിഭൂമിയെന്ന്
കമ്മീഷൻ റിപ്പോർട്ട്
അവകാശപ്പെട്ട ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിലായ പ്രദേശവാസികള്‍ ഇതോടെ കൂത്തുപറമ്പ് മുൻസിഫ് കോടതിയില്‍ ഇന്‍ജംക്ഷൻ ഫയല്‍ ചെയ്തു. കോടതി കമ്മീഷനെ നിയമിക്കുകയും കമ്മീഷൻ കഴിഞ്ഞ ജനുവരി ആറിന് പ്രദേശം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി ഓഗസ്റ്റ് 31 സമർപ്പിക്കുകയുമായിരുന്നു. വനം അതിര്‍ത്തി ജെണ്ട പുഴയ്ക്ക് അക്കരെയാണെന്നും പ്രദേശത്ത് 60-70 വര്‍ഷം പഴക്കമുള്ള തെങ്ങ് ഉള്ളതായും വ്യക്തമായതായി കാണിക്കുന്നതായിരുന്നു കമ്മീഷൻ റിപ്പോർട്ട്. ഇതോടെ വനം വകുപ്പിന്റെ അവകാശവാദം പൊളിയുകയും പട്ടയവുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ വേഗത്തിലാകുകയുമായിരുന്നു.