29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കേരളത്തിന്റെ ഇടപെടൽ: പഞ്ചായത്തിൽ ഒരേ സമയം 20 തൊഴിലുറപ്പ് പ്രവൃത്തികള്‍‍ എന്ന നിര്‍ദേശം കേന്ദ്രം തിരുത്തി
Kerala

കേരളത്തിന്റെ ഇടപെടൽ: പഞ്ചായത്തിൽ ഒരേ സമയം 20 തൊഴിലുറപ്പ് പ്രവൃത്തികള്‍‍ എന്ന നിര്‍ദേശം കേന്ദ്രം തിരുത്തി

പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരേ സമയം 20 പ്രവൃത്തികള്‍ എന്ന നിയന്ത്രണത്തില്‍ നിന്ന് പിന്മാറി കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ മാത്രം അൻപത് പ്രവൃ‍ത്തികള്‍ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കേരള സര്‍ക്കാര്‍ നിരന്തരമായി ആവശ്യപ്പെട്ടതിന്‍റെ ഭാഗമായിട്ടാണ് കേന്ദ്രം നിയന്ത്രണത്തില്‍ ഇളവ് നല്‍കുന്നത്.

നിയന്ത്രണത്തിനുള്ള തീരുമാനം വന്നയുടൻ അന്നത്തെ തദ്ദേശ സ്വയം ഭരണ മന്ത്രി എം വി ഗോവിന്ദൻ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. ചുമതലയേറ്റെടുത്തത് മുതല്‍ മന്ത്രി എം ബി രാജേഷും വിഷയത്തില്‍ സജീവമായി ഇടപെട്ടിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭങ്ങളും അരങ്ങേറി. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തര ഇടപെടലിന്‍റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാരിന് തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകേണ്ടിവന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള നിരന്തര ആവശ്യത്തിന്‍റെ ഭാഗമായിട്ടാണ് തീരുമാനം പുനപരിശോധിച്ചതെന്ന് കേന്ദ്രത്തിന്‍റെ കത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. മുൻ തീരുമാനം തിരുത്തിയെങ്കിലും, ഒരേ സമയം അൻപത് പ്രവര്‍ത്തികള്‍ എന്ന നിബന്ധനയും ഉചിതമല്ല. തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് തന്നെ മാതൃകാപരമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡാനന്തര കാലത്ത് പ്രാദേശിക സാമ്പത്തിക വികസനത്തിലുള്‍പ്പെടെ തൊഴിലുറപ്പ് പദ്ധതിക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. വൈവിധ്യവും നൂതനുവുമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി സര്‍ക്കാര്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയാണെന്നും മന്ത്രി അറിയിച്ചു.

ഗ്രാമപഞ്ചായത്തില്‍ ഒരേ സമയം ഇരുപത് പ്രവൃത്തി മാത്രമേ ഏറ്റെടുക്കാവൂ എന്നതായിരുന്നു കേന്ദ്രത്തിന്‍റെ മുൻ നിര്‍ദേശം. ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്തക്ക് തന്നെ എതിരായിരുന്നു ഈ നിബന്ധന. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് ഘടനയല്ല കേരളത്തിലേത്. ഇതര സംസ്ഥാനങ്ങളിലെ ഒരു ഗ്രാമ പഞ്ചായത്തിൻ്റെ അത്രയും ജനസംഖ്യ കേരളത്തിലെ ഒരു വാർഡിൽ മാത്രമുണ്ട്. ഇത്തരത്തിലുള്ള 13 മുതൽ 23 വരെ വാർഡുകൾ ഉള്ളവയാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ. ഒരേ സമയം ഒരു വാർഡിൽ തന്നെ ഏറെ പ്രവൃത്തികൾ നടത്തിയാണ് തൊഴിലാളികളുടെ തൊഴിൽ ഡിമാൻ്റ് കേരളം നിലവില്‍ നിര്‍വഹിക്കുന്നത്. അതിനാല്‍ തന്നെ പല വാര്‍ഡിലും ഒരു പ്രവൃത്തി പോലും നടത്താനാകില്ലെന്ന സ്ഥിതി വന്നിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയത്.

തൊഴിലുറപ്പ് പദ്ധതി സാമഗ്രികള്‍ ഉപയോഗിച്ചതിന്‍റെ (മെറ്റീരിയല്‍ കോമ്പണന്‍റ്) കുടിശിക ലഭ്യമാകാത്ത പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. എല്ലാ വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്കും വെൻഡേഴ്സിനും ഇനിയും പണം നല്‍കാനായിട്ടില്ല. കേന്ദ്രത്തിന്‍റെ സോഫ്റ്റ്‌വെയറായ പിഎഫ്എംഎസിന്‍റെ ഐഡി വെൻഡേഴ്സിന് ലഭിക്കുന്നതിനുള്ള കാലതാമസമാണ് ഇതിന് കാരണം. തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച തുക നല്‍കുന്നതിന് കൃത്യമായ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്രം, പൂര്‍ണമായും കേന്ദ്രസഹായത്തോടെ നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ള സോഷ്യല്‍ ഓഡിറ്റ് നടത്തിപ്പിന് പണം തരാത്ത സാഹചര്യവുമുണ്ട്. 19 കോടി നല്‍കേണ്ട സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ആകെ അനുവദിച്ചത് 2.96കോടി മാത്രമാണ്. ഒട്ടും മുന്നോട്ടുപോകാനാകാത്ത പ്രതിസന്ധി വന്നപ്പോള്‍ മൂന്ന് കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് അഡ്വാൻസായി അനുവദിച്ച് നല്‍കിയത്. വില്ലേജ് റിസോഴ്സ് പേഴ്സൺമാര്‍ക്ക് ഓണറേറിയം കുടിശികയാകുന്ന സ്ഥിതി ഉള്‍പ്പെടെ ഇതിന്‍റെ ഫലമായി സൃഷ്ടിക്കപ്പെടുകയാണ്. തൊഴിലുപകരണത്തിന് മൂര്‍ച്ച കൂട്ടാനുള്ള ഫണ്ട് ഇല്ലാതാക്കിയതും പ്രതിഷേധാര്‍ഹമാണ്. എൻഎംഎംഎസ് ആപ്പിലെ പ്രായോഗിക പ്രശ്നങ്ങള്‍ മൂലം തൊഴിലാളികള്‍ ജോലിക്കെത്തിയാലും ഹാജര്‍ രേഖപ്പെടുത്താനാകാതെ, കൂലി നഷ്ടമാകുന്ന സ്ഥിതിയും നിലവിലുണ്ട്. പലപ്പോഴും ആപ്പ് ശരിയായി പ്രവര്‍ത്തിക്കാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്. ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും കേന്ദ്രസര്‍ക്കാരില്‍ നിരന്തര ഇടപെടല്‍ കേരളം നടത്തിവരുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം പത്തരക്കോടി തൊഴില്‍ ദിനങ്ങള്‍ സാധ്യമാക്കിയ കേരളത്തിന് ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ആറ് കോടി തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് ലഭിച്ചത്. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഏഴ് മാസം കൊണ്ട് തന്നെ 4,77,44,000 തൊഴിൽ ദിനങ്ങൾ പൂര്‍ത്തിയാക്കി കഴിഞ്ഞു. കേന്ദ്രം അനുവദിച്ചതിന്‍റെ 80% മാണ് ഇത്. കഴിഞ്ഞ രണ്ട് വർഷവും 10 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. 2021- 22 വർഷം കേരളത്തിൽ തൊഴിൽ കാർഡ് എടുത്തിരുന്ന 40,83,420 കുടുംബങ്ങളിൽ തൊഴിൽ ആവശ്യപ്പെട്ട 16,45,183 കുടുംബങ്ങൾക്ക് തൊഴിൽ ലഭിച്ചു. ഇതിൽ5,12,823 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ ലഭിച്ചു. 2021-22ല്‍ 10,59,66,005 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്.

Related posts

ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നു​ള്ള തീ​യ​തി നീ​ട്ടി

Aswathi Kottiyoor

അഗതി മന്ദിരങ്ങളിലെയും ക്ഷേമ സ്ഥാപനങ്ങളിലെയും താമസക്കാർക്ക് ഓണക്കിറ്റ് നൽകും

Aswathi Kottiyoor

*വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി*

Aswathi Kottiyoor
WordPress Image Lightbox