ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രക്തസാക്ഷി ധീര ജവാന്‍ എച്ച്. വൈശാഖിന്റെ സഹോദരി ഇനി സര്‍ക്കാര്‍ ജീവനക്കാരി. സമാശ്വാസ നിയമന പ്രകാരം കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ വില്ലേജ് അസിസ്റ്റന്റ്/ക്ലര്‍ക്ക് തസ്തികയിലേക്ക് നിമയമിച്ചുള്ള ഉത്തരവ് ധന മന്ത്രി കെ. എന്‍. ബാലഗോപാല്‍ കുടവട്ടൂരിലെ വീട്ടിലെത്തിയാണ് കൈമാറി.നാടിനായി ജീവത്യാഗം ചെയ്ത വൈശാഖിന്റെ കുടുംബത്തിന് തണലാകും സഹോദരി ശില്‍പയ്ക്ക് കിട്ടിയ ജോലി. സര്‍ക്കാര്‍ എല്ലാവര്‍ക്കും ഒപ്പമുണ്ടെന്ന് കാലതാമസം കൂടാതെയുള്ള നടപടികളിലൂടെ തിരിച്ചറിയാമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു.
വൈശാഖിന് ജീവന്‍ നഷ്ടമായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുടുംബത്തിന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രത്യേക ഇടപെടല്‍ നടത്തിയാണ് ജോലി നല്‍കാനുള്ള നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.നിയമനം വേഗത്തിലാക്കിയ മുഖ്യമന്ത്രിക്കും മണ്ഡലം എം.എല്‍.എ.യും മന്ത്രിയുമായ കെ.എന്‍. ബാലഗോപാലിനും ജനപ്രതിനിധികള്‍,റവന്യൂ-സൈനികക്ഷേമ ഉദ്യോഗസ്ഥര്‍ക്കും വൈശാഖിന്റെ സഹോദരിയും അമ്മയും നന്ദി അറിയിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ്, വൈസ് പ്രസിഡന്റ് കെ. രമണി, തുടങ്ങിയവര്‍ പങ്കെടുത്തു