നെടുംപുറംചാൽ: കനത്ത മഴയിൽ നെടുംപുറംചാൽ, പൂളക്കുറ്റി മേഖലയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ വ്യാപക കൃഷി നാശം. കണിച്ചാർ,കോളയാട് പഞ്ചായത്തുകളിലെ നെല്ലാനിക്കൽ പ്രദേശത്ത് വീണ്ടും വ്യാപകമായി കൃഷി നാശം സംഭവിച്ചു. കനത്ത മഴയിൽ തോടിലൂടെ മലിനജലവും കരിങ്കൽ പൊടിയും കൃഷിഭൂമിയിലേക്ക് ഒലിച്ചെത്തുകയായിരുന്നു.
നെല്ലാനിക്കലിലെ ഷിന്റോ കുഴിയാട്ടിൽ,മനോജ് കിഴക്കേടം എന്നിവരുടെ പച്ചക്കറി കൃഷിയും മരച്ചീനികൃഷിയുമാണ് നശിച്ചത്. ഉരുൾപൊട്ടലിൽ നാശമുണ്ടായ കൃഷിഭൂമിയിൽ വായ്പയെടുത്ത് തുടങ്ങിയ പച്ചക്കറി കൃഷിയാണ് കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ നശിച്ചത്. കോളയാട് , കണിച്ചാർ പഞ്ചായത്തധികൃതർക്ക് കർഷകർ പരാതി നല്കിയിട്ടുണ്ട്. ക്വാറിയിലെ വെള്ളക്കെട്ട് തുറന്ന് വിട്ടതാണ് വറ്റിവരണ്ട പുഴയിലൂടെ വെള്ളം കുത്തിയൊലിച്ചെത്താൻ കാരണമെന്ന് ജനകീയ സമിതി കൺവീനർ സതീഷ് മണ്ണാറുകുളവും ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിലും പറഞ്ഞു.