25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേരള നിയമസഭാ ലൈബ്രറിയിൽ പൊതുജനങ്ങൾക്കും അംഗത്വം നൽകും
Kerala

കേരള നിയമസഭാ ലൈബ്രറിയിൽ പൊതുജനങ്ങൾക്കും അംഗത്വം നൽകും

കേരള നിയമസഭാ ലൈബ്രറിയിൽ ഇനി മുതൽ പൊതുജനങ്ങൾക്കും അംഗത്വം നൽകും. ഇതിന്റെ ഉദ്ഘാടനം സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു. നിയമസഭാ സാമാജികർക്കും മാധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു നിയമസഭാ ലൈബ്രറിയിൽ ഇത് വരെ പ്രവേശനമുണ്ടായിരുന്നത്. എന്നാൽ നിയമസഭാ ലൈബ്രറി നൂറു വർഷം പൂർത്തിയാക്കിയ അവസരത്തിൽ കേരളപ്പിറവി ദിനമായി നവംബർ ഒന്നു മുതൽ പൊതുജനങ്ങൾക്കു കൂടി തുറന്നു നൽകാൻ തീരുമാനിക്കുകയായിരുന്നു. പൊതുജനത്തിനുള്ള ആദ്യ നിയമസഭാ ലൈബ്രറി മെമ്പർഷിപ്പ് തദ്ദേശ- എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് നൽകി. ആദ്യഘട്ടത്തിൽ ബിരുദധാരികൾക്കു മാത്രമാണ് പ്രവേശനം. നിയമസഭാ ലൈബ്രറിയെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആശ്രയിക്കാനാവുന്ന ഒരു റഫറൽ ലൈബ്രറി ആക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും സ്പീക്കർ പറഞ്ഞു. ഗവേഷക വിദ്യാർത്ഥികൾക്കും ഇത് ഏറെ പ്രയോജനം ചെയ്യും. നിലവിൽ 1,15,000 പുസ്തകങ്ങൾ നിയമസഭാ ലൈബ്രറിയിലുണ്ട്. 150 ജേർണലുകളും 20ഓളം പത്രങ്ങളും ലഭ്യമാണ്.

നിയമസഭാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവം 2022 ന്റെ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. നവംബർ 28 മുതൽ ഡിസംബർ 4 വരെയാണ് പുസ്തകോത്സവം നടക്കുന്നത്. ഇതിനു പുറമെ ലൈബ്രറിയുടെ ഓൺലൈൻ പബ്ലിക് ആക്സസ് കാറ്റലോഗിന്റെയും ഡിജിറ്റൽ ലൈബ്രറിയുടെയും ഉദ്ഘാടനം തദ്ദേശ-എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി 2021- ലെ ഭരണ ഭാഷ സേവന- സാഹിത്യ പുരസ്‌കാരങ്ങളുടെയും 2022 ലെ വായനാക്കുറിപ്പു മത്സരങ്ങളുടെയും വിതരണവും എഴുത്തുകാരൻ ജി. ആർ ഇന്ദുഗോപന്റെ ‘വിലായത്തു ബുദ്ധ’ എന്ന പുസ്തകത്തിന്റെ ആസ്വാദനവും നടന്നു.

നിയമസഭാ ലൈബ്രറി ഉപദേശക സമിതി അംഗം കെ. ആൻസലൻ എം.എൽ.എ, ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, നിയമസഭാ സെക്രട്ടറി എ. എം ബഷീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

കെഎസ്‌ഇബിയിലെ തസ്‌തികകൾ സർക്കാർ തസ്‌തികകൾക്കു സമാനമല്ല

Aswathi Kottiyoor

ഇനി പരിശോധന ഫലങ്ങൾ വിരൽത്തുമ്പിൽ

Aswathi Kottiyoor

അധ്യാപകരുടെ തസ്‌തിക നിർണയ നടപടികൾ അവസാനഘട്ടത്തിൽ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox