ആറളം: ആറളം വന്യജീവി സങ്കേതത്തിനു സമീപം കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടികയില്നിന്ന് പുതിയ ഇനം സൂചിത്തുമ്പിയെ കണ്ടെത്തി. നിഴല്‍ത്തുമ്പികളുടെ വിഭാഗത്തില്‍പ്പെടുന്ന ഈ സൂചിത്തുമ്പിക്ക് പ്രോട്ടോസ്റ്റിക്റ്റ ഫ്രാന്‍സി എന്നാണു പേര്. കണിച്ചാറിലെ ദന്ത ഡോക്ടറും തുമ്പിനിരീക്ഷകനുമായ ഡോ. വിഭു വിപഞ്ചികയാണ് ആദ്യമായി ഇതിനെ നിരീക്ഷിച്ചത്. തുടര്‍ന്ന് ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി തുമ്പി ഗവേഷണ വിഭാഗത്തിലെ ഗവേഷകരായ വിനയന് പി. നായര്‍, ഡോ. കലേഷ് സദാശിവന്, ഡോ. ഏബ്രഹാം സാമുവല്‍, ഡോ. ജാഫര്‍ പാലോട്ട് എന്നിവര്‍ വിശദപഠനങ്ങള്‍ നടത്തി.
ആറളം വന്യജീവിസങ്കേതം, കൊട്ടിയൂര്‍ മേഖലകളില്‍ സമുദ്രനിരപ്പില്‍നിന്ന് 500 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളിലെ ഇരുളടഞ്ഞ കാട്ടരുവികളില്‍ ഇവയെ കാണാം. ഈ നിഴല്ത്തുമ്പിക്ക് പൊന്മുടി നിഴല്‍ത്തുമ്പി , കൊമ്പന് നിഴല്‍ത്തുമ്പി എന്നിവയുമായി വളരെ സാമ്യമുണ്ടെങ്കിലും കഴുത്തിലെ മുള്ളുകളുടെ പ്രത്യേകതകള്‍ ഇവയെ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാക്കുന്നു. കേരളത്തില്‍ തുമ്പികളുടെ ശാസ്ത്രീയ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ച തൃശൂര്‍ സെന്റ് തോമസ് കോളജ് ജന്തുശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ഡോ.ഫ്രാന്‍സി കെ. കാക്കശേരിയുടെ ബഹുമാനാര്‍ത്ഥമാണ് പുതിയ ഇനത്തിന് അദ്ദേഹത്തിന്റെ പേരു നല്‍കിയത്. പ്രോട്ടോസ്റ്റിക്റ്റ ഇനത്തില്‍പ്പെട്ട സൂചിത്തുമ്പികള്‍ ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും സമുദ്രനിരപ്പില്‍നിന്ന് സാമാന്യം ഉയരമുള്ള സ്ഥലങ്ങളിലെ വെളിച്ചക്കുറവുള്ള കാട്ടരുവികളിലും ഇരുള് മൂടിയ സ്ഥലങ്ങളിലും ഒളിച്ചിരിക്കുന്ന ഇനങ്ങളാണ്.