നിയമങ്ങളും കണക്കുകളും നിരത്തിയുള്ള വാദങ്ങള്‍, അതിന് തടയിട്ട് എതിര്‍ വാദങ്ങള്‍, എന്നാല്‍ യുവതലമുറ ലഹരിമുക്തമാകണമെന്ന ആശയം അവര്‍ ഒരേ സ്വരത്തില്‍ പങ്കുവെച്ചു. ലഹരി മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന എക്‌സൈസ് വകുപ്പും ജില്ലാ വിമുക്തി മിഷനും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല സംവാദ മത്സരമാണ് വാക് പോരാട്ടമായത്.
വായനയോടും യാത്രയോടും ജീവിതത്തോടുമാണ് ലഹരി വേണ്ടതെന്ന് പറഞ്ഞ് മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി രഹന്‍ രഞ്ചിത്താണ് വാദം തുടങ്ങിയത്. രഹനെ അഭിനന്ദിച്ച കൊളവല്ലൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറിയിലെ കെ അലന്‍ നന്മയുടെ നിറം മങ്ങുന്നതും തിന്മക്ക് നിറം വെക്കുന്നതും തിരിച്ചറിയണമെന്ന് ഓര്‍മ്മിപ്പിച്ചു. പുരുഷനായാല്‍ പുകവലിക്കണമെന്ന മിഥ്യാ ധാരണ മാറ്റണമെന്നും അരാഷ്ടീയ വാദം ഒഴിവാക്കി ലഹരി മരുന്നിനെതിരെയുള രാഷ്ടീയം രൂപപ്പെടുത്തണമെന്നുമായിരുന്നു ശ്രീകണ്ഠാപുരം ഹയര്‍സെക്കണ്ടിറിയിലെ പി പി സിനാന്റെ അഭിപ്രായം. എല്ലാ സ്‌കൂളുകളിലും കൗണ്‍സിലര്‍മാരെ നിയമിക്കണമെന്നും ലഹരി ഉപയോഗം കണ്ടെത്താന്‍ കൂട്ടികളുടെ രഹസ്യ സേന രൂപീകരിക്കണമെന്നുമുള്ള ആശയമാണ് മമ്പറം ഹയര്‍ സെക്കണ്ടറിയിലെ കൃഷ്ണ വൃന്ദ മുന്നോട്ട് വെച്ചത്.
12 എക്‌സൈസ് റെയിഞ്ചുകളില്‍ നിന്നും സബ്ജില്ലാ തല മത്സരത്തില്‍ വിജയിച്ച 10 സ്‌കൂളുകളിലെ 20 ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്. രണ്ട് പേരടങ്ങിയ ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയില്‍ നടന്ന ചടങ്ങില്‍ അസി. എക്‌സൈസ് കമ്മീഷണര്‍ ടി രാഗേഷ് അധ്യക്ഷത വഹിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം നേടിയ തേര്‍ത്തല്ലി ഹയര്‍സെക്കണ്ടറിയിലെ അനാന ബിജു, അലീന മാത്യു, ശ്രീകണ്ഠാപുരം ഹയര്‍ സെക്കണ്ടറിയിലെ പി പി മുഹമ്മദ് സിനാന്‍, എസ് വി ആര്യ ലക്ഷ്മി, മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറിയിലെ രഹന്‍ രഞ്ചിത്ത്, മുഹമ്മദ് അമീന്‍ എന്നിവര്‍ക്ക് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അഗസ്റ്റിന്‍ ജോസഫ് സമ്മാനം നല്‍കി. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം സുജിത്ത് മോഡറേറ്ററായി. കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ മാനേജര്‍ സലിംകുമാര്‍ ദാസ്, പ്രിവന്റീവ് ഓഫീസര്‍ വി സി സുകേഷ് കുമാര്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ പുരുഷോത്തമന്‍ ചിറമ്മല്‍ എന്നിവര്‍ സംസാരിച്ചു.