കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികത്സാസൗകര്യം സംബന്ധിച്ച റിപ്പോര്‍ട്ട് നവംബര്‍ 25-നകം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കൈമാറാന്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി രജിസ്ട്രിയോട് നിര്‍ദേശിച്ചു.
എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ എല്ലാ ചികത്സാ കേന്ദ്രങ്ങളും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയോട് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് പതിനെട്ടിനാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നത്. ആറ് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ഇതുവരെയും സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയില്ല. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറാനുള്ള നിര്‍ദേശം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിക്ക് കൈമാറാന്‍ ജസ്റ്റിസ് മാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ച് സുപ്രീം കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയത്.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 38 പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലും പാലിയേറ്റിവ് കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജില്ലയിലുള്ള ചികത്സാ സൗകര്യങ്ങള്‍ പലതും അപര്യാപതമാണെന്ന് ഇരകളും കോടതിയെ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് എല്ലാ ചികത്സ കേന്ദ്രങ്ങളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നത്.
എന്‍ഡോസള്‍ഫാന്‍ ഇരകളായ ഹര്‍ജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി.എന്‍ രവീന്ദ്രനും, അഭിഭാഷകന്‍ പി.എസ് സുധീറും ഹാജരായി. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വേണ്ടി സീനിയര്‍ അഭിഭാഷാകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.