ജില്ലയിലെ ദേശീയ, സംസ്ഥാനപാതകളിലെ അപകട മേഖലകളിൽ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ
സംയുക്ത പരിശോധന നടത്തും. ഇതിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ റോഡ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനം.
പൊലീസ്, പൊതുമരാമത്ത് വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിക്കുക. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ ഇവർ വിലയിരുത്തി തീരുമാനമെടുക്കും. ജില്ലയിൽ റോഡ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ 13.27 ലക്ഷം രൂപ കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ടിൽ നിന്നും അനുവദിച്ചതായി കലക്ടർ അറിയിച്ചു. തിരക്കുള്ള സമയത്ത് കണ്ണൂർ നഗരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കൂടുതൽ കർശനമായി നടപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. നിയന്ത്രണം ലംഘിച്ച നിരവധി ഭാര വാഹനങ്ങളിൽ നിന്നും പിഴ ഈടാക്കിയിരുന്നു. നിയന്ത്രണം കർശനമാക്കാൻ നഗരത്തിൽ പൊലീസ് പരിശോധന ശക്തമാക്കുമെന്നും കമ്മീഷണർ അറിയിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കെ വി സുമേഷ് എം എൽ എ, എ ഡി എം കെ കെ ദിവാകരൻ, കണ്ണൂർ റൂറൽ പൊലീസ് അഡീഷണൽ എസ് പി എ ജെ ബാബു, തളിപ്പറമ്പ് ആർ ഡി ഒ ഇ പി മേഴ്സി, ആർ ടി ഒ എൻഫോഴ്സ്മെന്റ് എ സി ഷീബ എന്നിവരും പങ്കെടുത്തു.
previous post