കൊച്ചി ∙ എകെജി സെന്റർ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് വിജു എബ്രഹാമിന്റെ സിംഗിൾ ബെഞ്ചിന്റേതാണ് വിധി. കഴിഞ്ഞ ദിവസം ജാമ്യഹർജിയില്‍ വിശദമായ വാദം പൂർത്തിയായിരുന്നു. തെളിവുകളില്ലാതെ കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ജിതിന്റെ വാദം. ഇതു വ്യക്തമാക്കുന്ന രേഖകളും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുപരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, മുൻപും കേസുകളിൽ പ്രതിയായ ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കഴിഞ്ഞ 22നാണ് തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് ജിതിൻ ഹൈക്കോടതിയെ സമീപിച്ചത്.