25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വിഎസിന് ഇന്ന് 99-ാം പിറന്നാള്‍; നൂറാം വയസിലേക്ക് കടക്കുന്നത് രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സിപിഎമ്മിന്റെ സ്ഥാപകനേതാവും
Kerala

വിഎസിന് ഇന്ന് 99-ാം പിറന്നാള്‍; നൂറാം വയസിലേക്ക് കടക്കുന്നത് രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സിപിഎമ്മിന്റെ സ്ഥാപകനേതാവും

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഇന്ന് 99 വയസ്സ്. ആഘോഷങ്ങളില്ല. മൂന്നു വര്‍ഷമായി തിരുവനന്തപുരത്ത് മകന്റെ വീട്ടില്‍ വിശ്രമത്തിലാണ് വിഎസ്. പുന്നപ്ര പറവൂരില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് തുലാത്തിലെ അനിഴം നക്ഷത്രത്തിലാണ് അച്യുതാനന്ദന്റെ ജനനം. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. ഒന്നാം പിണറായി സര്‍ക്കാരിലെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഒഴിയുകയായിരുന്നു. നൂറാം വയസ്സിലേക്കു കടക്കുന്ന തല മുതിര്‍ന്ന നേതാവിനു പിറന്നാള്‍ ആശംസിക്കാന്‍ പ്രമുഖരെത്തുമെന്നാണു പ്രതീക്ഷ.

രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സിപിഎമ്മിന്റെ സ്ഥാപകനേതാവുമായ വി എസ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത് 198092 കാലഘട്ടത്തിലാണ്. 1967, 1970, 1991, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായി. 2006 മെയ് 18 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

1965ലാണ് ആദ്യമായി അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിലെ കെഎസ് കൃഷ്ണക്കുറുപ്പിനെ എതിരിട്ടപ്പോള്‍ 2327 വോട്ടുകള്‍ക്ക് അദ്ദേഹം തോറ്റു. എന്നാല്‍ 1967ല്‍ കോണ്‍ഗ്രസിലെ തന്നെ എ അച്യുതനെ 9515 വോട്ടുകള്‍ക്ക് തോല്‍പിച്ച് അദ്ദേഹം നിയമസഭാംഗമായി. 1970 ല്‍ ആര്‍ എസ് പിയിലെ കെ കെ കുമാരപിള്ളയെ വി എസ് തോല്‍പ്പിച്ചു. എന്നാല്‍, 77ല്‍ കുമാരപിള്ളയോട് 5585 വോട്ടുകള്‍ക്ക് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. പിന്നെ നീണ്ട ഇടവേളയ്ക്ക് ശേഷം 1991ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കു മത്സരിച്ചു. അന്ന്, കോണ്‍ഗ്രസിലെ ഡി സുഗതനെ 9980 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചുകളഞ്ഞു വി എസ്. 1996 ല്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ കോട്ടയെന്ന് തന്നെ വിളിക്കപ്പെടുന്ന മാരാരിക്കുളത്ത് അദ്ദേഹത്തിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 2001ല്‍ മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ചെറിയ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. 2006ല്‍ ഇതേ മണ്ഡലത്തില്‍ മുന്നത്തെ എതിരാളിയായ സതീശന്‍ പാച്ചേനിയെ വമ്പിച്ച ഭൂരിപക്ഷത്തിന് തന്നെ അദ്ദേഹം തോല്‍പ്പിച്ചു.

പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് പരസ്യപ്രസ്താവനയിറക്കിയതിലൂടെ 2007 മെയ് 26ന് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കി. തല്‍ക്കാലത്തേക്കുള്ള നടപടി മാത്രമായിരുന്നു അത്. അപ്പോഴും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി. 2009 ജൂലൈ 12 ന് വീണ്ടും അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് പുറത്താക്കുകയും കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്യുകയുണ്ടായി.

Related posts

അ​തി​വേ​ഗ കോ​ട​തി കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം നീ​ട്ടി

Aswathi Kottiyoor

ഹണി ട്രാപ്പുമായി പാക് ചാരസംഘടനകള്‍; ജാഗ്രത വേണമെന്ന് DGP

Aswathi Kottiyoor

പതിനാലാം പദ്ധതി സബ്‌സിഡി മാർഗരേഖയായി,സംരംഭങ്ങൾക്കും തൊഴിലിനും ഊന്നൽ:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox