കേരളത്തിനും രാജ്യത്തിനും പുറത്തുള്ള വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കുന്നതിനാവശ്യമായ ഇടപെടലാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സർവകലാശാലാ കാര്യവട്ടം ക്യാമ്പസിൽ കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച കെട്ടിടസമുച്ചയങ്ങളുടെ ശിലാസ്ഥാപനവും തിയറ്റർ ഹാളുകളുടെ ഉദ്‌ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് പുറത്തുപോയി പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം കൂടുതലാണ്. ഇവിടെ വേണ്ടത്ര കോഴ്‌സുകളില്ലാത്തതാണ് കാരണം. കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികൾ ഇങ്ങോട്ടുവരികയെന്നത് ഏറ്റവും പ്രധാനമാണ്. ഇതിനു കൂടുതൽ കോഴ്‌സുകൾ ആവശ്യമായുണ്ട്. അതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. നിരവധി പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രവേശനാനുപാതം വർധിപ്പിക്കാൻ സർക്കാർ സമഗ്രമായ ഇടപെടലാണ് നടത്തുന്നത്. ദേശീയ പ്രവേശനാനുപാതമായ 27 ശതമാനവുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിന്റെ 38 ശതമാനം വലുതാണ്. എന്നാൽ, പ്രാഥമികവിദ്യാഭ്യാസ രംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഇനിയും വർധിക്കേണ്ടതുണ്ട്. കേരള സർവകലാശാലയുടെ വികസനത്തിനായി 150 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. സർവകലാശാലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.