ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഈ വർഷം കൂടുതൽ തീർഥാടകർ എത്താനുള്ള സാധ്യത മുൻനിർത്തി വിപുലമായ സൗകര്യങ്ങളാണു സർക്കാർ ഒരുക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
വെർച്വൽ ക്യൂ സംവിധാനം ഇത്തവണയും തുടരും. 12 കേന്ദ്രങ്ങളിൽ ബുക്കിംഗിനു സൗകര്യമുണ്ടാകും. തീർഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സുരക്ഷിത തീർഥാടനം ഉറപ്പാക്കാൻ വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. അനധികൃത കച്ചവടം തടയാൻ നടപടിയെടുക്കും. കാനനപാതകളടക്കം തീർഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതു മുൻനിർത്തി ഇവിടങ്ങളിൽ ആവശ്യമായ താത്കാലിക ടോയ്ലറ്റുകളും വിരി ഷെഡ്ഡുകളും സ്ഥാപിക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാഹചര്യമുള്ളതിനാൽ തീർഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഹസാർഡ് മെഷർമെന്റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കും.
തീർഥാടനപാതയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ 29നു മുൻപ് മുറിച്ചു മാറ്റും. പമ്പയിലും സന്നിധാനത്തും വനം വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കും. വന്യമൃഗ സാന്നിധ്യം അറിയുന്നതിന്റെ ഭാഗമായി ആർട്ടിഫിഷൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിക്കും. വൈൽഡ് വാച്ച് എസ്എംഎസ് സംവിധാനം ഇത്തവണയും തുടരും.
വാട്ടർ അഥോറിറ്റിയുടെ എല്ലാ ജോലികളും ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ശുദ്ധജല ലഭ്യതയ്ക്കു പ്രത്യേക കിയോസ്കുകൾ സ്ഥാപിക്കും. തീർഥാടന പാതയിൽ 200 പുതിയ ടാപ്പുകളും സജ്ജമാക്കും. ജലനിലവാരം ഉറപ്പാക്കുന്നതിനു പ്രത്യേക ജീവനക്കാരെ വിന്യസിച്ചു താത്കാലിക ലാബ് സ്ഥാപിക്കും.
പമ്പയിൽ ജലനിരപ്പ് സുരക്ഷിതമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ജലവിഭവ വകുപ്പ് ഒരുക്കും. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സ്നാനഘട്ടങ്ങളിലും കുളിക്കടവുകളിലും പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽനിന്നമായി 500 കെഎസ്ആർടിസി ബസുകൾ സ്പെഷൽ സർവീസുകൾ നടത്തും. മകരവിളക്ക് ദിവസം 1000 ബസുകൾ സർവീസ് നടത്തും. തീർഥാടകർക്കായി സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, നിലയ്ക്കൽ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂർ സംവിധാനങ്ങൾ പ്രവർത്തിക്കും. 15 എമർജൻസി മെഡിക്കൽ സെന്ററുകൾ തുറക്കും
പമ്പയിലേക്കുള്ള മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. അഗ്നിശമന സേനയുടെ പ്രത്യേക സംഘം മണ്ഡല മകരവിളക്കു കാലത്ത് 24 മണിക്കൂറും സേവനത്തിലുണ്ടാകും. സ്കൂബ ഡൈവേഴ്സിന്റെ സേവനവും ലഭ്യമാക്കും.
തീർഥാടകർക്കായി ദക്ഷിണ റെയിൽവേ പ്രത്യേക സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ തീർഥാടകർക്കായി പ്രത്യേക ടോയ്ലറ്റ്, വെയിറ്റിംഗ് സംവിധാനങ്ങൾ സജ്ജമാക്കും. തീർഥാടകരുടെ ആവശ്യാനുസരണം താത്കാലിക സ്റ്റോപ്പുകൾ അനുവദിക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം, എരുമേലി എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തും. എല്ലാ കച്ചവട സ്ഥാപനങ്ങൾക്കും രജിസ്ട്രേഷൻ ഉറപ്പാക്കും. കച്ചവടക്കാർക്കും അന്നദാനം നടത്തുന്ന ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകും.
പത്തനംതിട്ടയിലും സമീപ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പ്രത്യേക ശുചിമുറികൾ ഒരുക്കും. അജൈവ മാലിന്യങ്ങൾ സംഭരിക്കുന്നതിന് ക്ലീൻ കേരള കമ്പനിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പ്രത്യേക സൗകര്യമൊരുക്കും.
മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, എംപി, എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.