ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഏലപ്പീടികയിൽനിന്നും കുടിയിറങ്ങിയത് 250 ഓളം കുടുംബങ്ങളാണ്. ഇതിൽ ഇരുപതോളം ആദിവാസി കുടുംബങ്ങളും ഉൾപ്പെടുന്നു. ഏലപ്പീടിക സെന്റ് സെബാസ്റ്റ്യൻ ഇടവകയ്ക്കു കീഴിൽ 250 കുടുംബങ്ങളാണ് ആദ്യകാലത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവശേഷിക്കുന്നത് 130 കുടുംബങ്ങൾ മാത്രമാണ്. ഇരുപതോളം ആദിവാസി കുടുംബങ്ങൾക്ക് ആറളം ഫാമിൽ പുനരധിവാസം ലഭിച്ചതോടുകൂടി അവരും ഏലപ്പീടികയിൽനിന്ന് ഒഴിഞ്ഞുപോയി. ഒരു കാലഘട്ടത്തിൽ കൃഷി മാത്രമായിരുന്നു ഇവിടുത്തെ പ്രധാന വരുമാനം. എന്നാൽ, ഇപ്പോൾ കൃഷിയും ഇവരെ കൈവിട്ടു.
പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ കുട്ടികൾ സ്കൂളിൽ പോകണമെങ്കിൽ കൊളക്കാടോ കേളകത്തോ ഉള്ള ഹൈസ്കൂളിനെയോ ഹയർ സെക്കൻഡറി സ്കൂളിനെയോ ആശ്രയിക്കണം. ഇതിനായി ഒരു കുട്ടി ഒരു മാസം 1500 രൂപയിലധികം രൂപ ജീപ്പ് കൂലി മാത്രം നൽകണം. മുന്പ് കൃഷിയിൽനിന്ന് വരുമാനമുണ്ടായിരുന്ന കാലത്ത് ഇതെല്ലാം സാധ്യമായിരുന്നു എന്നാൽ കാർഷികവിളകളുടെ വിലത്തകർച്ചയ്ക്കൊപ്പം വന്യമൃഗശല്യം അതിരൂക്ഷമായതോടെ ഇത് സാധ്യമല്ലാതായി.
ടൂറിസമായിരുന്നു മറ്റൊരു പ്രതീക്ഷ. ഏലപ്പീടികയിലെ ടൂറിസത്തിനായി കണിച്ചാർ പഞ്ചായത്തും കേളകം പഞ്ചായത്തും ചേർന്ന് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ടൂറിസം ആവശ്യത്തിനായി ഭൂമി വാങ്ങിക്കുന്നവരും ഏറെയുണ്ടായിരുന്നു. എന്നാൽ കണിച്ചാർ പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടൽ ഇതിനെയെല്ലാം തകിടം മറിച്ചിരിക്കുകയാണ്. ഒരുകാലത്ത് തങ്ങൾ എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയ ഭൂമി ഉപേക്ഷിച്ച് ഒന്നുമില്ലാത്തവരായി ഈ മലയിറങ്ങേണ്ടി വരുന്ന ഗതികേടിലാണ് ഇവിടത്തുകാർ. വന്യമൃഗങ്ങളെ പ്രതിരോധിക്കാനായാൽ തങ്ങൾ ഈ മണ്ണ് വിട്ടുപോകില്ലായെന്ന് ഇപ്പോഴും അവർ നെഞ്ചത്ത് കൈവെച്ചു പറയുന്നു. അത്രമേൽ സ്നേഹമുണ്ട് അവർക്ക് ഈ മണ്ണിനോടും ഈ നാടിനോടും.