കണ്ണൂർ: ജനുവരിയില്‍ കണ്ണൂരില്‍ നടക്കുന്ന ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിനോടനുബന്ധിച്ച് ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിക്കാന്‍ പദ്ധതി തയാറാക്കുന്നു. സംഘാടക സമിതി ചെയര്മാന് കുടിയായ വി. ശിവദാസന്‍ എംപിയുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് താമസിക്കാന്‍ മതിയായ സൗകര്യങ്ങളില്ലെന്ന പ്രശ്നമുണ്ട്. അത് പരിഹരിക്കാന്‍ താമസമില്ലാതെ അടച്ചിട്ട വീടുകളില്‍ സഞ്ചാരികളെ താമസിപ്പിക്കാന്‍ തയാറുള്ളവരുടെ പട്ടിക തയാറാക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് പുറമെ ഫാം ടൂറിസം കേന്ദ്രങ്ങള്‍, പാരമ്പര്യ കലാകേന്ദ്രകള്, മികച്ച ഗ്രന്ഥാലയങ്ങള്‍, കാവുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ പരിചയപ്പെടുത്താനുള്ള നെറ്റ് വര്‍ക്ക് ശ്യംഖലയും രൂപപ്പെടുത്തും. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിനോദസഞ്ചാര രംഗത്തെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് നവംബര്‍ നാലിന് ശില്പശാല സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ info@dtpckannur.com എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യന്‍ ലൈബ്രറി കോണ്ഗ്രസിനെത്തുന്നവര്ക്കുള്ള പ്രത്യേക ടൂര്‍ പാക്കേജുകളും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മെയില്‍ വഴി അറിയിക്കാം. ഫോണ്‍: 04972 706336, 9744333345.