പേരാവൂർ: പ്രകൃതിക്ഷോഭത്തിലും വന്യമൃഗശല്യത്തിലും കൃഷിനാശമുണ്ടായവർക്ക് സർക്കാർ നഷ്ടപരിഹാരം വൈകുന്നു. കഴിഞ്ഞ ഏതാനും കാലങ്ങളിൽ ഉരുൾപൊട്ടൽ, പ്രകൃതിക്ഷോഭം, കാട്ടുമൃഗശല്യം തുടങ്ങിയവമൂലം മലയോരത്തെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശമുണ്ടായിരുന്നു. ഒന്നിനും സർക്കാറിന്റെ ധനസഹായം ലഭിച്ചില്ലെന്നാണ് കർഷകരുടെ പരാതി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നഷ്ടത്തിന്റെ വിവരശേഖരണം നടത്തി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് നടപടിയാവാതെ ചുവപ്പുനാടയിൽ പെട്ടതാണ് കാരണം. ഒടുവിലായി കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, സെമിനാരിവില്ല, കോളയാട് പഞ്ചായത്ത് പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ പരമ്പരകളിലെ നാശനഷ്ടങ്ങൾക്കിരയായ ആയിരക്കണക്കിന് കർഷകർ സർക്കാറിന്റെ കനിവ് കാത്തു കഴിയുകയാണ്. മഴക്കാലത്തും കർഷകരുടെ വാഴ, നെല്ല് അടക്കമുള്ള വിളകൾ വ്യാപകമായി നശിച്ചിരുന്നു. വിള ഇൻഷുറൻസ് നടത്തിയവർക്കും നഷ്ടപരിഹാരം കാലങ്ങളായി മുടങ്ങി. നെൽകൃഷിക്ക് കൃഷിനാശം സംഭവിച്ചവർക്ക് ഒരു ഏക്കറിന് 12,000 രൂപയാണ് കാർഷിക ഇൻഷുറൻസ് തുക ലഭിക്കുക.
കുലച്ച നേന്ത്രവാഴ ഒന്നിന് 300 രൂപ, പൂവന് 200 രൂപ എന്നിങ്ങനെയാണ് ഇൻഷുറൻസ് തുക ലഭിക്കുക. കൃഷി നശിച്ചതിനെ തുടർന്ന് അധികൃതർ ആവശ്യപ്പെട്ട രേഖകളെല്ലാം കർഷകർ സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞു. കൃഷിനാശം സംഭവിച്ചാൽ 15 ദിവസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കുമെന്നാണ് അധികൃതർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇൻഷുറൻസ് തുകപോലും കൃത്യമായി ലഭിക്കാത്ത കർഷകർ മലയോര മേഖലകളിൽ നിരവധിയാണ്.
വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ വനംവകുപ്പിൽനിന്ന് ലഭിക്കേണ്ട നഷ്ടപരിഹാരം വർഷങ്ങളായി കർഷകർക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വനംവകുപ്പിൽ അന്വേഷിക്കുമ്പോൾ ഫണ്ടില്ല എന്നാണ് പറയുന്നതെന്നും കർഷകർ പറയുന്നു. കാട്ടാന, കുരങ്ങ് തുടങ്ങിയവയാണ് ഇവിടങ്ങളിൽ പ്രധാനമായും കൃഷിനാശം വരുത്തുന്നത്. നിലവിൽ പലയിടങ്ങളിലും വന്യമൃഗങ്ങൾ വ്യാപകമായ തോതിൽ തെങ്ങ്, വാഴ തുടങ്ങിയ വിളകൾ നശിപ്പിക്കുന്നത് തുടരുകയുമാണ്. വന്യമൃഗങ്ങൾ നാശംവരുത്തി ദിവസങ്ങൾക്കകം ഓൺലൈനായി കർഷകർ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ നൽകുന്നുണ്ട്. നശിച്ച വിളകളുടെ എണ്ണം രേഖപ്പെടുത്തി അക്ഷയ സെന്ററുകൾ വഴിയാണ് അപേക്ഷ നൽകുന്നത്. അപേക്ഷ പരിഗണിച്ച് വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് വിവരശേഖരണം നടത്തിയാണ് നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ, പലപ്പോഴും വനംവകുപ്പ് അധികൃതർ സന്ദർശനം നടത്താറില്ലെന്ന് കർഷകർ പറയുന്നു. കൊട്ടിയൂർ, കേളകം, ഓടംതോട്, മടപ്പുരച്ചാൽ, പാൽച്ചുരം, ആറളം ഫാം തുടങ്ങിയ മേഖലയിലുള്ള കർഷകർക്കാണ് നഷ്ടപരിഹാരം ഒരുവർഷത്തിലേറെയായി ലഭിക്കാത്തത്. ആറളം ഫാമിന് മാത്രം കാട്ടാന ആക്രമണത്തിലെ വിളനാശത്തിന് 19 കോടിയുടെ നാശനഷ്ടമുണ്ടായിട്ടും നഷ്ടപരിഹാരം ലഭിക്കാത്തത് ഫാമിന്റെ നിലനിൽപ്പിന് ഭീഷണിയായി.