കേളകം: സംസ്ഥാനത്ത് വിദ്യാഭ്യാസം സൗജന്യമാണ്. പക്ഷേ വിദ്യാഭ്യാസത്തിനായി സ്കൂളിലെത്തണമെങ്കിൽ വിദ്യാർഥികൾ പ്രതിദിനം 200 രൂപ മുടക്കണം. കേളകം പഞ്ചായത്തിൽപ്പെട്ട ശാന്തിഗിരിയിലെ വിദ്യാർഥികളാണ് ഈ ദുരവസ്ഥ നേരിടുന്നത്. പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെടുന്ന ശാന്തിഗിരിയിലെ നൂറുകണക്കിന് വിദ്യാർഥികളാണ് യാത്രാസൗകര്യത്തിന്റെ അഭാവത്തിൽ സ്കൂളിലെത്താൻ ഭാരിച്ച തുക മുടക്കേണ്ടിവരുന്നത്. കൂലിപ്പണിയെടുത്തും മറ്റും കുടുംബം പോറ്റുന്നവരാണ് കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും.
ശാന്തിഗിരിയിലേക്ക് ആകെയുണ്ടായിരുന്ന ബസ് സർവീസ് നിലച്ചതോടെയാണ് രക്ഷിതാക്കൾക്ക് 20 കിലോമീറ്റർ അകലെയുള്ള ഹൈസ്കൂളിലേക്കും ഹയർ സെക്കൻഡറി സ്കൂളിലേക്കും മക്കളെ അയയ്ക്കാൻ ദിവസവും വലിയ തുക നീക്കിവയ്ക്കേണ്ട സാഹചര്യമുണ്ടായത്. സമാന്തര ജീപ്പ് സർവീസും ഓട്ടോറിക്ഷകളുമാണ് ഇവിടത്തുകാർ ഇപ്പോൾ യാത്രയ്ക്കായി ആശ്രയിക്കുന്നത്.
ഹയർ സെക്കൻഡറി വിദ്യാർഥികളാണ് കൂടുതൽ കഷ്ടപ്പെടുന്നത്. കിലോമീറ്ററുകൾ അകലെയുള്ള കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും കൊട്ടിയൂരിലും കൊളക്കാടും മണത്തണയിലുമുള്ള വിദ്യാലയങ്ങളിലുമാണ് കുട്ടികൾ പഠിക്കുന്നത്. 20 മുതൽ 30 രൂപ വരെയാണ് സമാന്തര സർവീസ് നടത്തുന്ന ജീപ്പുകാർ അടയ്ക്കാത്തോട്ടിൽനിന്ന് കേളകത്ത് എത്താൻ ഈടാക്കുന്നത്. അടയ്ക്കാത്തോട്ടിൽനിന്ന് ശാന്തിഗിരിയിൽ എത്താൻ ഓട്ടോറിക്ഷയോ മറ്റു വാഹനമോ സ്പെഷലായി വിളിക്കണം. ഇതിന് 150 രൂപയാണു നിരക്ക്.
ശാന്തിഗിരിയിൽ എത്തിയാൽ മാത്രം പോരാ അവിടെനിന്ന് രണ്ടു കിലോമീറ്ററോളം ദൂരം കുട്ടികൾക്ക് പിന്നീട് നടക്കുകയും വേണം. തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ മുഖ്യപങ്കും മക്കളുടെ വിദ്യാഭ്യാസ യാത്രാച്ചെലവിനായി ചെലവഴിക്കേണ്ടിവരുന്ന ദുരവസ്ഥയാണ് രക്ഷിതാക്കൾ നേരിടുന്നത്.
തൊഴിലുറപ്പിന് കിട്ടുന്ന കൂലി മുഴുവൻ കുട്ടികളുടെ യാത്രാച്ചെലവിന് നൽകുകയാണെന്ന് അമ്മമാർ പറയുന്നു. വൈകുന്നേരം നാലിന് സ്കൂൾ വിട്ടാൽ കുട്ടികൾ വീട്ടിലെത്തുന്പോഴേക്കും ആറരയോളമാകും.
വന്യമൃഗശല്യം രൂക്ഷമായ ശാന്തിഗിരി, രാമച്ചി, പാലുകാച്ചി മേഖലയിൽ ഭീതിയോടെയാണ് രക്ഷിതാക്കൾ മക്കളുടെ വരവും കാത്തിരിക്കുന്നത്. പഞ്ചായത്തോ സർക്കാരോ കനിഞ്ഞ് തങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.