കേളകം: കനത്ത മഴയെ തുടർന്ന് റബർ മരങ്ങളുടെ ഇലകൾ കൊഴിയുന്നതും ഇതുമൂലമുള്ള ഉത്പാദനക്കുറവും കർഷകരെ തളർത്തുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആഴ്ചകളോളം നിർത്താതെ പെയ്ത മഴയെ തുടർന്ന് ഇലക്കണ്ണികളെ വ്യാപകമായ തോതിൽ ഫംഗസ് ബാധിച്ചതാണ് മേഖലയിലെ തോട്ടങ്ങളിലെ ഇലകൊഴിച്ചിലിനു കാരണം. ഇലയില്ലാതായതോടെ മാനം തെളിഞ്ഞപ്പോൾ ടാപ്പിംഗ് ആരംഭിച്ച കർഷകർക്ക് ലഭിക്കുന്നത് മൂന്നിലൊന്ന് ഉത്പാദനം മാത്രമാണ്.
കാലാവസ്ഥാ വ്യതിയാനം മൂലം ഇല കൊഴിഞ്ഞ മരങ്ങൾ വീണ്ടും തളിരിടുന്നുമില്ല. ഇനി തളിരില വന്ന് മൂപ്പാകുമ്പോഴേയ്ക്കും ഡിസംബർ അവസാനമുണ്ടാകാറുളള ശിശിരകാല ഇല കൊഴിച്ചിലും ഉണ്ടാകും. വീണ്ടും വേനൽക്കാല ഇടവേളയ്ക്കായി ടാപ്പിംഗ് നിർത്തണം. അതിനാൽ ഇക്കൊല്ലം കാര്യമായ വരുമാനപ്രതീക്ഷയില്ല.
തുടക്കത്തിൽ 178 രൂപവരെ വിലയുണ്ടായിരുന്നത് ഇടിഞ്ഞ് 145 രൂപ വരെ താഴ്ന്നിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി 152 രൂപ വരെ തിരിച്ചെത്തിയിട്ടുണ്ട്. ഇതു നിലനിൽക്കാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വിലയിടിക്കാൻ ടയർലോബി ശക്തമായ സമ്മർദമാണു നടത്തുന്നത്.
വില കുറഞ്ഞതോടെ തൊഴിലാളികളെ ഉപയോഗിച്ച് ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളിലെ ടാപ്പിംഗ് നിർത്തിയിരിക്കുകയാണ്. കഴിഞ്ഞ ജൂൺ മാസം മുതൽ ടാപ്പിംഗ് ആരംഭിക്കാമെന്ന പ്രതീക്ഷയിൽ മിക്ക തോട്ടങ്ങളിലും റബറിന് നേരത്തേതന്നെ കർഷകർ പ്ലാസ്റ്റിക് ഷെയ്ഡിട്ടിരുന്നു. എന്നാൽ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇടമുറിയാതെ പെയ്ത മഴ കാരണം ഷേയ്ഡിട്ട തോട്ടങ്ങളിൽ പോലും ടാപ്പിംഗ് നടന്നില്ല.
മഴ കുറഞ്ഞതോടെ പ്ലാസ്റ്റിക് ഷേയ്ഡുകൾ മുഴുവൻ വിട്ടിലുകൾ വെട്ടിയും മറ്റും നശിച്ചു. ഇനി കിട്ടുന്നതാകട്ടേയെന്നു ചിന്തിച്ച് ടാപ്പിംഗിനിറങ്ങിയർവർക്കു മഴ പാരയായി. റബർ കർഷകർക്കും ടാപ്പിംഗ് തൊഴിലാളികൾക്കുമായി പ്രത്യേക സഹായധന പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് മലയോരത്തെ ചെറുകിട ഇടത്തരം റബർകർഷകരുടെ ആവശ്യം