കണ്ണൂർ: ഡിജിറ്റൽ റീസർവേ പ്രവർത്തനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ സംസ്ഥാനത്ത് 12 മുതൽ സർവേ സഭകൾ ചേരുന്നു. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ഡിജിറ്റൽ സർവേ നടക്കുന്ന 200 വില്ലേജുകൾ ഉൾപ്പെടുന്ന തദ്ദേശസ്ഥാപന വാർഡുകളിലാണ് സർവേ സഭകൾ വിളിച്ചുചേർക്കുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം 12ന് മംഗലപുരം വില്ലേജിൽ നടക്കും.
‘എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ എന്ന സർക്കാർ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ റീസർവേ ആരംഭിക്കുന്നതെന്ന് ഇതുസംബന്ധിച്ച് നടന്ന തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, വാർഡ് അംഗങ്ങൾ എന്നിവരുടെ ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ഭൂമിസംബന്ധമായ തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കും വലിയ അളവിൽ പരിഹാരമാകാൻ ഡിജിറ്റൽ റീസർവേ സഹായകമാകും. ഭൂമിസംബന്ധമായ സേവനങ്ങൾ മികച്ച രീതിയിൽ ജനങ്ങൾക്ക് ലഭിക്കുന്നതിനും ഇതുവഴി സാധിക്കും. വാർഡിലെ മുഴുവൻ ഭൂവുടമകളെയും സർവേ സഭകളിൽ പങ്കെടുപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ നൽകണം. ജനങ്ങളുടെ നല്ല പിന്തുണ ഇതിന്റെ വിജയത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളത്തത്തോടെ പൂർണമായി ജനകീയ സഹകരണത്തോടെയുള്ള സർവേയാണ് ലക്ഷ്യമിടുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. നാലു വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കാനാണ് പദ്ധതി. ഇതിനായി ആവശ്യമായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളുമെല്ലാം സജ്ജമാക്കി. 807.38 കോടി രൂപ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ അനുവദിച്ചു. 1500 പുതിയ സർവേയർമാരെയും മറ്റു താത്കാലിക ജീവനക്കാരേയും നിയോഗിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 200 വില്ലേജിലാണ് ആദ്യഘട്ടത്തിൽ സർവേ നടക്കുക. ഈ പ്രദേശങ്ങളിലാണ് സർവേ സഭകൾ ചേരുന്നത്.
ഭൂമിയുടെ ഉടമസ്ഥർക്ക് സുതാര്യമായി കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നവിധമായിരിക്കും സർവേ പ്രവർത്തനങ്ങൾ. സർവേനടപടികളെയും സാങ്കേതിക കാര്യങ്ങളെയും കുറിച്ച് ജനങ്ങൾക്കുള്ള എല്ലാ സംശയങ്ങൾക്കും സർവേസഭകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണം നൽകും. ഇതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും രണ്ടുവീതം സർവേ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ ജില്ലകളിലും സർവേ ഡപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ ഇതിനായി പ്രത്യേക വിഭാഗവും ഉണ്ടാകും. സർവേ ഉദ്യോഗസ്ഥർ എത്തുമ്പോൾ ആവശ്യമായ രേഖകൾ ഹാജരാക്കുക, അതിർത്തികൾ അടയാളപ്പെടുത്തിവയ്ക്കുക, അതിർത്തികൾ സർവേ നടത്താൻ പാകത്തിൽ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങൾ ഉടമകൾ ചെയ്യണം. ഉടമ സ്ഥലത്തില്ലെങ്കിൽ ഏറ്റവും അടുത്ത ഒരാളെ പ്രത്യേകം ചുമതലപ്പടുത്തി ഇക്കാര്യം സർവേ വകുപ്പിനെ അറിയിക്കണം.
ഭൂമിസംബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ഈ സർവേ. ഭൂമി ഉടമകളായ എല്ലാവരേയും ബാധിക്കുന്ന കാര്യമാണ് എന്നതിനാൽ ജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഭ്യർഥിച്ചു.