ഇരിട്ടി: ആദിവാസി വിഭാഗത്തിലെ പെണ്‍കുട്ടികളുടെ പഠന സൗകര്യവും ജീവിത സാഹചര്യവും മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ട് തുടങ്ങിയ ആറളം ഫാമിലെ പ്രിമെട്രിക്ക് ഹോസ്റ്റല്‍ ഇന്നലെ പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഹോസ്റ്റല്‍ തുറക്കുന്നത്. ഫാം ഏഴാം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ നാല്പതോളം കുട്ടികള്‍ക്കാണ് ആദ്യബാച്ചില്‍ പ്രവേശനം നല്‍കിയത്.
വീടുകളില്‍ പഠന സൗകര്യം കുറഞ്ഞ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ 2015-ലാണ് ഹോസ്റ്റല്‍ നിര്‍മാണത്തിനായി 6.85 കോടി രൂപ അനുവദിച്ചത്. സാങ്കേതികാനുമതിയും ഭരണാനുമതിയും കിട്ടി നിര്‍മാണം ആരംഭിക്കുമ്പോള്‍ രണ്ട് വര്‍ഷത്തോളം അടുത്തു.
2019ൽ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ഉദ്ഘാടനം നടത്തിയത് 2020 നവംബര്‍ അഞ്ചിനാണ്. അന്നത്തെ വകുപ്പ് മന്ത്രി എ.കെ. ബാലനാണ് ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷത്തോളം അനാഥമായി കിടന്ന ഹോസ്റ്റലില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നശേഷമാണ് ഇപ്പോള്‍ ഫാം സ്കൂളിലെ 40 കുട്ടികളെ പ്രവേശിപ്പിച്ചത്. 100 കുട്ടികള്‍ക്ക് താമസിക്കുവാന്‍ സൗകര്യം ഉണ്ട്.
മൂന്ന് നിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് കട്ടിലും കിടക്കയും പഠനമറിയും അതോടൊപ്പം ഇരുന്നു പഠിക്കുവാനുള്ള മേശയും കസേരകളും ആധുനിക രീതിയിലുള്ള അടുക്കളയും ഭക്ഷണമുറിയും ക്രമീകരിച്ചിട്ടുണ്ട്.
ഹോസ്റ്റല്‍ വാര്ഡൻ, വാച്ചർ, കുക്ക്, ആയ, കൗണ്‍സിലര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് കൂടി പ്രവേശനം നല്‍കാനാണ് അധികൃതരുടെ തീരുമാനം.
3500ഓളം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പുനരധിവാസ മേഖലയിലെ ഫാം സ്ക്കൂളില്‍ എത്താന്‍ കുട്ടികള്‍ അനുഭവിക്കുന്ന യാത്രാ ക്ലേശം വലുതാണ്. സ്കൂളിന് വാഹനസൗകര്യം ഉണ്ടെങ്കിലും കുട്ടികള്‍ സ്കൂളില്‍ എത്താന്‍ മടിക്കുന്നതും കൊഴിഞ്ഞുപോക്കുമെല്ലാം വളരെ കൂടുതലായിരുന്നു.
മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമായതിനാല്‍ കുട്ടികള്‍ അനുഭവിക്കുന്ന മനസിക പിരിമുറുക്കം പരിഹരിക്കുന്നതിനും ഹോസ്റ്റല്‍ സൗകര്യം ഗുണം ചെയ്യും.