പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്നത് നിർത്തലാക്കാനൊരുങ്ങി ഡൽഹി സർക്കാർ. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് പിഴ ഈടാക്കുന്നത് നിർത്തലാക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി ആലോചിക്കുന്നത്. നിലവിൽ 500 രൂപയാണ് മാസ്ക് ധരിക്കാത്തതിനുള്ള പിഴ.
കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ വർഷം നവംബറിലാണ് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 2,000രൂപ പിഴ ഈടാക്കാൻ ഡൽഹി ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിരുന്നത്. ഫെബ്രുവരിയിൽ പിഴ 500 രൂപയാക്കി കുറച്ചു. ഏപ്രിലിൽ പിഴ ചുമത്തുന്നത് നിർത്തലാക്കിയിരുന്നെങ്കിലും കോവിഡ് കേസുകൾ വർധിച്ചതോടെ പുനഃസ്ഥാപിക്കുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 74 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1.07 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, ഇന്ത്യയിലാകെ 1,968 കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.