കേളകം: വളയംചാൽ പാലം നിർമാണം ഇഴയുന്നു. മൂന്നര വർഷം മുന്പ് ആരംഭിച്ച കോൺക്രീറ്റ് പാലത്തിന്റെ നിർമാണം ഇനിയും പകുതിപോലും പൂർത്തിയായിട്ടില്ല. ആറളം ഫാം-വന്യജീവി സങ്കേതം, കേളകം പഞ്ചായത്തുകളെ കോർത്തിണക്കുന്ന വളയംചാൽ പാലത്തിലൂടെയാണ് ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസി കുടുംബങ്ങളും ഫാം ജീവനക്കാരും വന്യജീവി സങ്കേതം അധികൃതരും ഇക്കോ ടൂറിസം സഞ്ചാരികളും ഉൾപ്പെടെ കടന്നുപോകുന്നത്. നിലവിലുള്ള തൂക്കുപാലം സ്ഥിരം അപകടവേദിയായതോടെയാണ് നബാർഡ് പ്രത്യേക പദ്ധതിയിൽനിന്ന് കോൺക്രീറ്റ് പാലം പണിയാൻ മൂന്നര വർഷം മുന്പ് 4.5 കോടി രൂപ അനുവദിച്ചത്.
മൂന്ന് തൂണുകൾ വേണ്ട പാലത്തിന്റെ രണ്ട് തൂണും ഉപരിതല വാർഫും ആദ്യവർഷം പൂർത്തിയായെങ്കിലും കേളകം അരികിലെ സ്ഥലം ഏറ്റെടുത്തുനൽകിയത് കഴിഞ്ഞ നവംബർ പത്തിനാണ്. ഫണ്ട് പ്രതിസന്ധി വന്നതിനാൽ നിർമാണം വീണ്ടും വൈകി. അവസാന സ്പാനിന്റെ രണ്ട് ബിം വാർപ്പും അപ്രോച്ച് റോഡ് പണിയും പാർശ്വഭിത്തി നിർമാണവും ഉൾപ്പെടെ ഇനിയും പൂർത്തിയാകാനുമുണ്ട്. 32.1 മീറ്ററിന്റെ രണ്ട് സ്പാനുകളിൽ 65 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് പണിയുന്നത്. ഇരുവശത്തുമായി 125 മീറ്റർ അപ്രോച്ച് റോഡും വരും. കഴിഞ്ഞ കാലവർഷത്തിൽ മൂന്നു തവണയാണ് തൂക്കുപാലം ഒലിച്ചുപോയത്. തങ്ങളുടെ ജീവൻ വച്ചുള്ള കളി അവസാനിപ്പിച്ച് എത്രയും പെട്ടന്ന് പാലത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.