വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള ഇളവുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യ ഇളവുകള്‍ 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് വെട്ടിക്കുറച്ചത്. അടിസ്ഥാന നിരക്കുകളിലെ പുതുക്കിയ ഇളവ് സെപ്റ്റംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്നു.
നിരക്കുകള്‍ വെട്ടികുറച്ചാലും എയര്‍ ഇന്ത്യയില്‍ മറ്റ് സ്വകാര്യ എയര്‍ലൈനുകളെ അപേക്ഷിച്ച് ഇരട്ടി ഇളവ് ലഭിക്കും. നിലവില്‍, സായുധ സേനാംഗങ്ങള്‍, ഗാലന്‍ട്രി അവാര്‍ഡ് ലഭിച്ചവര്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയവര്‍, അന്ധരായ ആളുകള്‍, കാന്‍സര്‍ രോഗികള്‍, ലോക്കോമോട്ടര്‍ വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് എയര്‍ ഇന്ത്യ ഇളവുകള്‍ നല്‍കുന്നുണ്ട്.
മൊത്തത്തിലുള്ള വിപണി സാഹചര്യം കണക്കിലെടുത്താണ് ഇളവുകള്‍ വെട്ടിക്കുറച്ചത് എന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. എയര്‍ലൈനിന്റെ ടിക്കറ്റിംഗ് ഓഫീസുകളില്‍ നിന്നോ കോള്‍ സെന്ററില്‍ നിന്നോ വെബ്സൈറ്റില്‍ നിന്നോ ടിക്കെറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ അടിസ്ഥാന നിരക്കില്‍ മാത്രം ഇളവ് നല്‍കുന്നുണ്ട്. ടിക്കറ്റ് ബുക്കിംഗിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ എയര്‍ലൈനിന്റെ വെബ്സൈറ്റില്‍ ഇളവുകള്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ട്.
കൂടാതെ വിമാനം പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പെങ്കിലും ടിക്കെറ്റുകള്‍ ബുക്ക് ചെയ്തിരിക്കണം. ടിക്കറ്റ് വാങ്ങുമ്പോള്‍ ഈ ഇളവുള്ള നിരക്കുകള്‍ പ്രയോജനപ്പെടുത്താമെന്ന് എയര്‍ലൈന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അതേസമയം സീറ്റുകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും ഇളവുകള്‍ ലഭിക്കുന്നത്. മാത്രമല്ല, മുതിര്‍ന്ന വ്യക്തിയായാലും വിദ്യാര്‍ത്ഥികളാണെങ്കിലും കിഴിവ് ലഭിക്കുന്നതിന് അവരുടെ യഥാര്‍ത്ഥ രേഖകള്‍ കാണിക്കേണ്ടതുണ്ട്.