വന്യജീവി ആക്രമണങ്ങളിൽനിന്ന് ആറളം ഫാമിനെ രക്ഷിക്കുക, ആനമതിൽ നിർമാണം ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങളുയർത്തി സിപിഐ എം ഏരിയാ കമ്മിറ്റി വെള്ളിയാഴ്‌ച. ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഇരിട്ടി ഓഫീസിലേക്ക് മാർച്ച് നടത്തും. ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യും.
വാസുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ
ആദ്യസഹായം
കാട്ടാന കൊലപ്പെടുത്തിയ ആറളം ഫാം പൂക്കുണ്ടിലെ വാസുവിന്റെ കുടുംബത്തിന് വനംവകുപ്പിന്റെ ആദ്യസഹായമായി അഞ്ചുലക്ഷം രൂപ നൽകും. വാസുവിന്റെ അമ്മ സരോജിനിയുടെ അക്കൗണ്ടിലേക്ക് തുക ഉടൻ നിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രി
ഇടപെടണം
ആറളം ഫാമിലെ ആദിവാസി കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മൂന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗ തീരുമാനം നടപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് സണ്ണിജോസഫ് എംഎൽഎ. ആനമതിൽ നിർമിക്കണമെന്നാണ് മന്ത്രിതല യോഗത്തിൽ തീരുമാനിച്ചത്.
തീരുമാനം പ്രാവർത്തികമാക്കാതെ ഫാമിനെ കാട്ടാനകളിൽനിന്നും വന്യജീവികളിൽനിന്നും സംരക്ഷിക്കാനാകില്ല. മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യം ഉന്നയിക്കുമെന്നും എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പട്രോളിങ്ങിന്
4 സംഘങ്ങൾ
ആറളം ഫാമിൽ രാത്രികാല പട്രോളങ്ങിനായി നാല് സംഘത്തെ നിയോഗിച്ചതായി വനം റേഞ്ചർ സുധീർ നരോത്ത് അറിയിച്ചു. ടിആർഡിഎം നൽകിയ രണ്ട് വാഹനങ്ങളും ആർആർടി, വൈൽഡ് ലൈഫ് വിഭാഗങ്ങളുടെ ഓരോ വാഹനങ്ങളും ഉപയോഗിച്ചാണ് പട്രോളിങ്.