26.6 C
Iritty, IN
July 4, 2024
  • Home
  • Iritty
  • നിലവിളി നിലയ്‌ക്കുന്നില്ല
Iritty

നിലവിളി നിലയ്‌ക്കുന്നില്ല

ഇരിട്ടി
‘എന്റാങ്ങള എനക്ക്‌ അഞ്ഞൂറുറുപ്യ തരാമ്പന്നതാ. ഓന്‌ പൈസ കിട്ട്യാല്‌ എനക്ക്‌ തരാൻ ബരും. തിരിച്ച്‌ പോമ്പാണ്‌ കാട്ടാന കൊന്നത്‌. ഇത്‌ ഓന്റെ ബാഗാണ്‌’–- ആറളം ഫാമിൽ കാട്ടാന കുത്തിക്കൊന്ന വാസുവിന്റെ ചോരക്കറ മായാത്ത തോൾസഞ്ചിയും വസ്‌ത്രവും ഉയർത്തിക്കാട്ടി വാസുവിന്റെ പെങ്ങൾ ശാന്ത പൊട്ടിക്കരഞ്ഞു. ചൊവ്വാഴ്‌ച രാത്രി ശാന്തയുടെ വീട്ടിൽനിന്നും പൂക്കുണ്ടിലെ അമ്മയുടെ വീട്ടിലേക്ക്‌ പോകുമ്പോഴാണ്‌ വാസുവിനെ കാട്ടാന ആക്രമിച്ചത്‌. പകൽപോലും പുറത്തിറങ്ങാനാവാത്ത രീതിയിൽ ഫാമിലെ കുടുംബങ്ങളിലാകെ ഭീതിയുണ്ടാക്കുകയാണ്‌ കാട്ടാനകൾ. ‘ഉറങ്ങിയിട്ട് മാസങ്ങളായി. ചത്തശേഷം ഉറങ്ങാമല്ലൊ, അല്ലെ?’’–- – ഫാമിൽ 18 വർഷമായി താമസിക്കുന്ന ഷൈനിയുടെ രോഷമുയർന്നുകേട്ടു. ‘അച്ഛൻ കൂലിപ്പണി കഴിഞ്ഞ്‌ രാത്രി വീട്ടിലേക്ക്‌ വരുന്ന വഴിയാണിത്. ഇവിടെയാണ് വാസുവിനെ കാട്ടാന ചവിട്ടിക്കൂട്ടിയത്. എങ്ങനെ ഇവിടെ കഴിയും സാറെ’?–-സുമോജും തേങ്ങലടക്കി ചോദിക്കുന്നു. കാട്ടാനകളുടെ അക്രമം തടയാൻ കഴിയാത്തതിൽ ക്ഷുഭിതമാണ്‌ മേഖലയിലെ ജനങ്ങൾ. ഈ വർഷം കാട്ടാനകൾ കൊലപ്പെടുത്തിയ മൂന്നാമത്തെയാളാണ്‌ വാസു.
10 വർഷം 11 പേർ
പത്തുകൊല്ലത്തിനിടെ ഫാമിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുന്ന പതിനൊന്നാമത്തെയാളാണ് ചൊവ്വാഴ്‌ച രാത്രി ആനയുടെ കുത്തേറ്റ്‌ മരിച്ച ഫാം ഒമ്പതാം ബ്ലോക്ക്‌ പൂക്കുണ്ടിലെ വാസു. മൂന്നുമാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളും. ജൂലൈ 13ന് ആദിവാസി യുവാവ് പി എ ദാമുവും കൊല്ലപ്പെട്ടിരുന്നു. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം വാസുവിന്റെ മൃതദേഹം ഫാമിലെത്തിച്ചപ്പോൾ കുടുംബാംഗങ്ങളുടെ നിലവിളിക്കൊപ്പം നാട്ടുകാരുടെ രോഷവും മുഴങ്ങി.
വാസുവിന്‌ കണ്ണീരോടെ വിട
കാട്ടാന കുത്തിക്കൊന്ന വാസുവിന്‌ ആറളം ഫാം വേദനയോടെ വിടനൽകി. ചൊവ്വാഴ്‌ച രാത്രി എട്ടേമുക്കാലോടെയാണ്‌ ഒമ്പതാം ബ്ലോക്കിലെ തകർന്ന ആനമതിൽ പരിസരത്ത്‌ വാസു കൊല്ലപ്പെട്ടത്‌. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്‌ച വൈകിട്ടോടെ ഫാം ബ്ലോക്ക്‌ ഒമ്പതിലെത്തിച്ചു. അമ്മ സരോജിനിയുടെ കാളികയത്തെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധിപേർ അന്ത്യാഞ്ജലിയർപ്പിച്ചു.
വാസുവിന്റെ മരണവാർത്തയറിഞ്ഞ് പകൽ പന്ത്രണ്ടോടെ വി ശിവദാസൻ എംപി,സണ്ണി ജോസഫ്‌ എംഎൽഎ,ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ, എകെഎസ്‌ ജില്ലാ സെക്രട്ടറി കെ മോഹനൻ തുടങ്ങിയവരും ജനപ്രതിനിധികളും സ്ഥലത്തെത്തി. വൈകിട്ട്‌ ആറോടെ മൃതദേഹം കാളികയത്ത്‌ സംസ്‌കരിച്ചു.

ആനമതിൽ ഉടൻ പൂർത്തിയാക്കണം: എം വി ജയരാജൻ
കണ്ണൂർ
ആറളത്ത്‌ അവശേഷിക്കുന്ന സ്ഥലത്തുകൂടി ആനമതിൽ നിർമാണം പൂർത്തിയാക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു. ഫാമിൽ ആദിവാസി യുവാവ്‌ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്‌ വേദനാജനകമാണ്‌. സംഭവങ്ങൾ ആവർത്തിക്കുന്നത്‌ പ്രതിഷേധാർഹമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ എറ്റവും വലിയ ആദിവാസി പുനരധിവാസകേന്ദ്രമാണ്‌ ആറളം. ഇവരുടെ ജീവൻ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനാണ്‌. വന്യജീവികൾ കാട്ടിൽതന്നെ കഴിയുന്നുവെന്ന്‌ ഉറപ്പുവരുത്തണം. കാട്ടാനകളും വന്യമൃഗങ്ങളും ജനവാസകേന്ദ്രങ്ങളിലേക്ക്‌ വരുന്നത്‌ തടയാനുള്ള നടപടികളും ഉണ്ടാകണം. ആനമതിൽ നിർമിക്കുകയെന്നത്‌ ദീർഘകാലത്തെ ആവശ്യമാണ്‌. 13 കിലോമീറ്റർ ദൂരത്തിൽ മതിൽ നിർമിച്ചിട്ടുണ്ട്‌. ഈ മേഖല സുരക്ഷിതമാണെന്നാണ്‌ അനുഭവം. ഇത്‌ കണക്കിലെടുത്ത്‌ അവശേഷിക്കുന്ന സ്ഥലത്തുകൂടി ആനമതിൽ നിർമിക്കണം.
താൽക്കാലിക സംവിധാനത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാവില്ല. നേരത്തെ മൂന്ന്‌ മന്ത്രിമാർ പങ്കെടുത്ത യോഗതീരുമാനങ്ങൾ അടിയന്തരമായി നടപ്പാക്കണം. ഇക്കാര്യത്തിൽ വന്നിട്ടുള്ള വീഴ്‌ച കണ്ടെത്തി പരിഹാരനടപടികൾ ഉണ്ടാകണം. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ആനമതിൽ നിർമിച്ച സ്ഥലത്തെ അനുഭവംകൂടി കോടതിയെ ബോധ്യപ്പെടുത്താനാകണം. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിയുമായും വനം, പട്ടികജാതി മന്ത്രിമാരുമായും സംസാരിച്ചതായും എം വി ജയരാജൻ പറഞ്ഞു. കാട്ടാനയാക്രമണത്തിൽ മരിച്ച വാസുവിന്റെ കുടുംബത്തെ സംരക്ഷിക്കണം. 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി നൽകണം. കുടുംബത്തിലെ ഒരാൾക്ക്‌ വനംവകുപ്പ്‌ ജോലി നൽകണം.

മോഴയാന എത്തിയത്‌ തകർന്ന മതിൽ വഴി
ഇരിട്ടി
ആദിവാസി യുവാവ് വാസുവിന്റെ ജീവനെടുത്തത്‌ അപകടകാരിയായ മോഴയാന. കാട്ടാനകൾ നേരത്തെ തകർത്ത ആനമതിൽ വഴിയാണ്‌ ഇതെത്തിയത്‌. ചൊവ്വാഴ്‌ച വൈകിട്ട് ആറോടെയാണ് വാസു പൂക്കുണ്ടിൽ അമ്മ സരോജിനിയുടെ വീട്ടിലേക്ക് പോയത്. സഹോദരിക്ക് പണവും നൽകി ഏഴോടെ വളയംയഞ്ചാൽ – –-കീഴ്പ്പള്ളി റോഡ് വഴി തിരിച്ചുവരുമ്പോൾ ആനയുടെ മുന്നിൽപ്പെട്ടു. മൊബൈൽ വെളിച്ചത്തിൽ നടക്കുന്നതിനിടെയാണ്‌ ആന പാഞ്ഞടുത്തത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുത്തിവിഴ്ത്തി. ഒന്നര മണിക്കൂറോളം ചോരവാർന്ന്‌ വാസു റോഡരികിൽ കിടന്നു. കുട്ടികൾക്കൊപ്പം ഇതുവഴിയെത്തിയ ലീനയാണ്‌ വാസു ചോരയിൽ കുളിച്ചുകിടക്കുന്നത്‌ കണ്ടത്‌. ഇവർ വനം വകുപ്പിൽ വിവരമറിയിക്കുകയായിരുന്നു. ആർആർടി സേനയെത്തി രാത്രി ഒമ്പതോടെ വാസുവിനെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. അടുത്തിടെ ദാമു എന്ന യുവാവും കൊല്ലപ്പെട്ടത്‌ കൊമ്പില്ലാത്ത മോഴയാനയുടെ ആക്രമണത്തിലാണ്‌. ഫാം അതിർത്തിയിൽ ആറിടങ്ങളിൽ ആനമതിൽ കാട്ടാനകൾ തകർത്തിട്ടുണ്ട്‌. ഇവ പുനർനിർമിച്ചില്ല. ജനവാസ മേഖലയോട്‌ ചേർന്ന ഭാഗങ്ങളിലാണിത്‌. ഇതുവഴിയാണ്‌ ആനകളെത്തുന്നത്‌.

സിപിഐ എം മാർച്ച്‌ നാളെ
ഇരിട്ടി
കാട്ടാനകളിൽനിന്ന്‌ മനുഷ്യരെ രക്ഷിക്കുക, ആനമതിൽ ഉടൻ നിർമിക്കുക എന്നീ ആവശ്യങ്ങളുയർത്തി സിപിഐ എം ഇരിട്ടി ഏരിയാ കമ്മിറ്റി വെള്ളി പകൽ മൂന്നിന് ആറളം വൈൽഡ്‌ ലൈഫ്‌ വാർഡന്റെ ഇരിട്ടി ഓഫീസിലേക്ക്‌ മാർച്ച്‌ സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും.

Related posts

സ്വീകരണം നൽകി……

Aswathi Kottiyoor

ഭാരവാഹികളുടെ സ്ഥാനാരോഹണവും അനുമോദനവും 22 ന്

Aswathi Kottiyoor

ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ് ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox