കണ്ണൂര്‍: കണ്ണൂർ കോര്‍പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ‘കണ്ണൂര്‍ ദസറ’യുടെ മൂന്നാം ദിനത്തിലെ സായംസന്ധ്യയിൽ ആവേശം തീർത്ത് താരങ്ങളെത്തി. മലയാളത്തിലെ പ്രമുഖ ചലച്ചിത്രതാരങ്ങളായ നിവിൻ പോളി, അജു വർഗീസ്, സിജു വിൽസൺ, സാനിയ തുടങ്ങി പ്രമുഖ താരങ്ങൾ ഒന്നിച്ച് അണിനിരന്നത് ആരാധകർക്ക് ആവേശമായി. താരങ്ങളുടെയും മേയറുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ദീപം തെളിക്കലും പ്രതിജ്ഞയും നടന്നു.
നേരത്തെ നടന്ന സാംസ്കാരിക സമ്മേളനം എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ വിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. കോര്പറേഷന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്പേഴ്സൻ പി. ഷമീമ അധ്യക്ഷത വഹിച്ചു.
ബാബുരാജ് ഉളിക്കല്‍, ഒ.അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മേയര്‍ ടി.ഒ. മോഹനന്, കൗണ്‍സിലര്‍മാരായ ധനേഷ് മോഹന്‍, വി.കെ. ശ്രീലത, എസ്. ഷഹീദ, ബിജോയ് തയ്യില്‍, കെ.സി. രാജൻ എന്നിവര്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് ആവണി രാഗേഷ് അവതരിപ്പിച്ച മോഹിനിയാട്ടം, സുമ സുരേഷ് വര്‍മ നയിച്ച നാദലയം എന്നിവ അരങ്ങേറി. ഡോ. ബിജു മല്ലാരി നയിച്ച മല്ലാരി ഫ്യൂഷന്‍ സംഗീതമഴയായി കണ്ണൂരിന് കുളിരേകി.